ഹൈമാസ്റ്റ്സ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല; ആലംകോട് ജങ്ഷൻ ഇരുട്ടിൽ
text_fieldsആറ്റിങ്ങൽ: നഗരസഭ പരിധിയിൽ ആലംകോട് ജങ്ഷനിൽ ഹൈമാസ്റ്റ്സ് ലൈറ്റുകൾ ഒന്നല്ല, രണ്ടുണ്ട്. പക്ഷേ ഒന്നും പ്രവർത്തിക്കില്ല. കുറ്റാക്കൂരിരുട്ടുമാണ്. പല സന്ദർഭങ്ങളിലായി നഗരസഭയും എം.എൽ.എ ഫണ്ടും വിനിയോഗിച്ച് സ്ഥാപിച്ച ഇവ കത്തിയിട്ട് വർഷങ്ങളായി.
സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ ബൾബുകൾ തകരാറിലായി. അറ്റകുറ്റപ്പണിയുടെ ബാധ്യത ഏറ്റെടുക്കാൻ ആരും തയാറല്ല. ഇതോടെയാണ് ഹൈമാസ്റ്റ്സ് ലൈറ്റിന് ചെലവഴിച്ച തുകയും ഉപയോഗശൂന്യമായത്. രാത്രിയും പകലും സജീവമായ ജങ്ഷനാണ് ആലംകോട്. എം.സി റോഡുമായി ബന്ധിപ്പിക്കുന്ന കിളിമാനൂർ റോഡ്, മത്സ്യഗ്രാമമായ അഞ്ചുതെങ്ങ് റോഡ് എന്നിവ ദേശീയപാതയിൽ വന്നുചേരുന്നത് ഇവിടെയാണ്.
മുതലപ്പൊഴി ഹാർബറിൽ നിന്നും കൊച്ചി തുറമുഖത്തേക്കുള്ള വാഹനങ്ങൾ കൂടുതലും രാത്രിയിലാണ് കടന്നുപോകുന്നത്. താലൂക്കിലെ ഏറ്റവും വലിയ മത്സ്യ മൊത്തവിപണന കേന്ദ്രം പ്രവർത്തിക്കുന്നതും ഇവിടെയാണ്. പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള മത്സ്യം വാഹനങ്ങൾ വൈകുന്നേരത്തോടെ ഇവിടെയെത്തിത്തുടങ്ങും. അർധരാത്രിയോടെ മാർക്കറ്റ് സജീവമാകും. രാവിലെയാണ് കച്ചവടം അവസാനിക്കുന്നത്.
താലൂക്കിലെ വലിയൊരു വിഭാഗം ചെറുകിട മത്സ്യ കച്ചവടക്കാർ ഈ മാർക്കറ്റിനെ ആശ്രയിക്കുന്നുണ്ട്. ഈ മാർക്കറ്റിന് സമീപത്താണ് ഒരെണ്ണമുള്ളത്. രാത്രികാലത്ത് വെളിച്ചം അത്യാവശ്യമുള്ള മേഖലയാണിത്. പക്ഷേ ഉള്ള വെളിച്ചസംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻപോലും അധികൃതർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.