കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി വീട്ടമ്മമാരുടെ സമരം
text_fieldsആറ്റിങ്ങൽ: കുടിവെള്ള ക്ഷാമത്തിന് പരിഹാരംതേടി വീട്ടമ്മമാരുടെ നേതൃത്വത്തിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ സമരം. തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടമ്മമാർ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫിസും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫിസും ഉപരോധിച്ചത്.'
ചിറയിൻകീഴ് പഞ്ചായത്ത് പത്താം വാർഡായ പെരുമാതുറ ഒറ്റപനയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പ്രദേശത്ത് രണ്ടു വർഷത്തോളമായി കുടിവെള്ളം കിട്ടാക്കനിയാണ്. തീരദേശമായതിനാൽ കിണർ വെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടാവുന്നില്ല.
പഞ്ചായത്ത് അംഗം അൻസിൽ അൻസാരിയുടെ നേതൃത്വത്തിൽ നൂറോളം വീട്ടമ്മമാരാണ് പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫീസിൽ എത്തിയത്. ഓഫിസ് പ്രവർത്തനം തടസപ്പെട്ടതോടെ സമീപ സ്റ്റേഷനുകളിൽനിന്നും കൂടുതൽ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ അസി. എൻഞ്ചിനീയർ നിസാർ സമരക്കാരുമായി ചർച്ച നടത്തി.
ടാങ്കറിൽ കുടിവെള്ളം എത്തിക്കുമെന്നും ഉടൻ ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സമരക്കാർക്ക് ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിച്ചത്. വാട്ടർ അതോറിറ്റിയുടെ സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമരക്കാർ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് നീങ്ങി.
പഞ്ചായത്ത് കവാടം ഉപരോധിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി കാര്യക്ഷമമായ നടപടിസ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. സമരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡൻറ് പി മുരളി ഓഫിസ് കവാടത്തിനു മുന്നിൽ പ്രതിഷേധക്കാരോടൊപ്പം ഇരുന്നു. തുടർന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.