അനധികൃത മണൽഖനനം സ്വൈരജീവിതത്തിന് ഭീഷണി
text_fieldsആറ്റിങ്ങൽ: ജനവാസ മേഖലയിലെ മണൽഖനനം ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. മംഗലപുരം ഗ്രാമപഞ്ചായത്ത് 12ാം വാർഡായ വരിക്കുമുക്കിലാണ് ഖനനം നടക്കുന്നത്.
സ്വകാര്യ കമ്പനിയുടെ ഭൂമിയിൽ കെട്ടിട നിർമാണത്തിന്റെ മറവിലാണ് മണൽ ഖനനം നടത്തി മറിച്ചു വിൽപന. വലിയതോതിലുള്ള മണൽഖനനമാണ് പ്രതിദിനം നടന്നുവരുന്നത്.
ഓരോ ദിവസവും ഇവിടെനിന്ന് പുറത്തേക്ക് പോകുന്നത് അമ്പതോളം ലോറികൾ ആണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം മണൽ കൊണ്ടുപോയ ടോറസ് ലോറി സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. ഇതോടെ ജനങ്ങളും പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ തുടർന്ന് രണ്ടു ദിവസമായി മണൽ നീക്കം നിർത്തിവെച്ചിരിക്കുകയാണ്.
ജനങ്ങളിറങ്ങി ലോറികൾ തടഞ്ഞതോടെയാണ് മണൽ ഖനനം താൽക്കാലികമായി നിർത്തിവെച്ചത്. പ്രതിഷേധക്കാർ അയയുന്ന സാഹചര്യത്തിൽ പുനരാരംഭിക്കും. അതിനുള്ള തയാറെടുപ്പിലാണ് കമ്പനി.
ഇടുങ്ങിയ റോഡുകളിലൂടെയാണ് കൂറ്റൻ ലോറികൾ മണലുമായി പാഞ്ഞുപോകുന്നത്. സ്കൂൾ സമയങ്ങളിലും അല്ലാതെയും യാതൊരു നിയന്ത്രണവുമില്ലാതെ മണൽ ലോറികൾ വന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഭൂമി കുഴിച്ചുള്ള മണൽ ഖനനം നടക്കുന്നത്. ഇതു വലിയ പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നു.
ഗ്രാമപഞ്ചായത്തംഗം ശ്രീചന്ദിന്റെ നേതൃത്വത്തിൽ മണൽ ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.