ചിറയിന്‍കീഴ് താലൂക്കില്‍ 63 പേർക്കുകൂടി പട്ടയം
text_fieldsആറ്റിങ്ങൽ: ചിറയിന്‍കീഴ് താലൂക്കില്‍ വിതരണത്തിന് തയാറായി 63 പട്ടയങ്ങള്‍, കൂടുതല്‍ അര്‍ഹരെ കണ്ടെത്താന്‍ പ്രത്യേകസംഘം. ചിറയിന്‍കീഴ് താലൂക്കിലെ പട്ടയവിതരണം സംബന്ധിച്ച നടപടിക്രമങ്ങളെ വിലയിരുത്തുന്നതിന് വി. ശശി എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ഈ യോഗത്തിലാണ് താലൂക്കില്‍ 63 പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിതരണത്തിന് തയാറായിട്ടുണ്ടെന്നും എന്നാൽ ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമായത്.
തുടർന്ന് വില്ലേജ് ഓഫിസര്‍, താലൂക്ക് സര്‍വേയര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനെ നിയോഗിച്ച്, കോളനികളില്‍ പട്ടയമില്ലാതെ താമസിക്കുന്നവരെ കണ്ടെത്തി എത്രയുംപെട്ടെന്ന് അവര്‍ക്ക് കൈവശാവകാശ രേഖകള്‍ ലഭ്യമാക്കാനും ധാരണയായി.
വില്ലേജ് ഓഫിസുകളില്‍ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. ഒമ്പത് വില്ലേജുകള്‍ക്ക് പ്രിന്റര്‍, ലാപ്‌ടോപ്, സ്‌കാനര്‍ എന്നിവ ഉടന്‍ നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ ചെറുപുഷ്പ ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറയിന്‍കീഴ് തഹസില്‍ദാര്‍ ടി. വേണു, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.