ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിലെ അലംഭാവം; ഭീതിയുടെ മുൾമുനയിൽ ഒരു കുടുംബം
text_fieldsആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിലെ അലംഭാവംമൂലം ഒരു കുടുംബം ഭീതിയുടെ മുൾമുനയിൽ. പാലാംകോണം സി.വി ബംഗ്ലാവിൽ നസീബ് ഖാനും കുടുംബവുമാണ് പ്രതിസന്ധിയിലായത്. മണമ്പൂർ - മാമം നാഷനൽ ഹൈവേ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് പാലാംകോണം ജങ്ഷനിൽ 16 മീറ്റർ ആഴത്തിൽ മണ്ണെടുത്തതാണ് പ്രതിസന്ധി.
മണ്ണ് മാറ്റിയിടത്ത് പല തവണയായി ഇടിഞ്ഞുതാഴുന്നത് പതിവായി. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ വർധിച്ചു. ഇതോടെ അന്തിയുറങ്ങുന്നത് അയൽവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. നാഷനൽ ഹൈവേ അതോറിറ്റിയുമായി പലതവണ ബന്ധപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണുന്നില്ല. വീടിരിക്കുന്നതിന് അടിവശത്ത് മണ്ണിടിഞ്ഞ് ഗുഹപോലെ രൂപം കൊള്ളുന്നത് വീട് ഇടിഞ്ഞ് വൻ ദുരന്തമുണ്ടാകുന്നതിന് കാരണമാകും.
ഏകദേശം മുപ്പത് മീറ്ററോളം ആഴത്തിലാണ് പാലാംകോണം ജങ്ഷനിലൂടെ ബൈപാസ് റോഡ് കടന്നുപോകുന്നത്. വൻതോതിൽ മണ്ണ് ഇവിടെനിന്ന് കുഴിച്ച് കടത്തിയിട്ടുണ്ട്. അടിയന്തരമായ ഇടപെടലുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ അധികൃതരെയും എം.പിയെയും അറിയിച്ചെങ്കിലും നടപടി മാത്രം വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.