നവീകരണമില്ല; ശ്രീപാദം സ്റ്റേഡിയം നാശത്തിന്റെ വക്കിൽ
text_fieldsആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം നവീകരണമില്ലാതെ നാശത്തിന്റെ വക്കിലേക്ക്. സ്റ്റേഡിയത്തിന്റെ സ്ഥിതി പ്രതിദിനം പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. ട്രാക്കുകൾ പോലും ഉപയോഗപ്രദമല്ലാത്ത സ്ഥിതിയാെണന്ന് കായികതാരങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബാത്ത്റൂമുകൾ പലതും ഉപയോഗശൂന്യമാണ്. സിന്തറ്റിക്ക് ട്രാക്കിന് ചുറ്റും കാടുപിടിച്ച് ട്രാക്കിലേക്ക് വ്യാപിച്ച നിലയിലാണ്. മറ്റൊരു സ്റ്റേഡിയം ഈ ഭാഗത്തില്ലാത്തതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്പോർട്സ് ക്ലബുകളുമെല്ലാം ഇവിടെയാണ് കായികമത്സരങ്ങൾ നടത്തിവരുന്നത്. 5000 രൂപയാണ് ട്രാക്കിന്റെ പ്രതിദിന വാടക. ഇതുകൂടാതെ ക്ലീനിങ് ചാർജും നൽകണം. സ്റ്റേഡിയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ വരെയുള്ളവരെ കായികമത്സരങ്ങളുടെ ഒഫിഷ്യൽസ് ആക്കുകയും അവർക്ക് ദിവസപ്പടി നൽകുകയും വേണം.
ഇവിടത്തെ ജീവനക്കാരെ പരിഗണിച്ചില്ലെങ്കിൽ വൈദ്യുതി, വെള്ളം എന്നിവ കായികമത്സരങ്ങൾക്കെത്തുന്നവർക്ക് നൽകാത്ത സ്ഥിതിയാണ്. സ്റ്റേഡിയത്തിലെ ചില ജീവനക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് കായികമത്സരങ്ങൾക്കായി വരുന്ന അധ്യാപികമാരോട് മോശമായി പെരുമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പരാതികളിൽ ഒരു നടപടികളും സ്റ്റേഡിയം അധികൃതർ സ്വീകരിച്ചിട്ടില്ല. സിന്തറ്റിക് ട്രാക്കിൽ പ്ലാസ്റ്റിക് കുപ്പികൾ, ആഹാരാവശിഷ്ടങ്ങൾ എന്നിവ പലപ്പോഴും വലിച്ചെറിയുന്നുണ്ട്. ഇത് മാറ്റാനും സ്റ്റേഡിയം വൃത്തിയാക്കാനും ശുചീകരണ ജോലിക്കാർ തയാറാകുന്നില്ല.
വളരെ നല്ലനിലയിൽ നിർമിച്ച ലോങ്ജംപ് പിറ്റുകൾ ഉപയോഗശൂന്യമായ നിലയിലാണ്. ആറ്റിങ്ങൽ മേഖലയിലെ കായികരംഗത്തുള്ളവരുടെയും കായികതാരങ്ങളുടെയും ദശാബ്ദങ്ങൾ നീണ്ട ത്വാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമായാണ് സ്റ്റേഡിയം സ്ഥാപിക്കപ്പെട്ടത്. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. എന്നാൽ അതിനനുസരിച്ചുള്ള പരിഗണന കേരള സ്പോർട്സ് കൗൺസിലിന്റെയും സംസ്ഥാന സർക്കാറിന്റെയും ഭാഗത്തുനിന്ന് കിട്ടുന്നില്ല. അത്യാവശ്യ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുകയും സ്റ്റേഡിയത്തിന്റെ ദുഷ്പേരിനിടയാക്കിയ ജീവനക്കാരെ നിലക്കുനിർത്താനും കേരള സ്പോർട്സ് കൗൺസിലും കായികവകുപ്പും വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ചെയർമാൻ അഡ്വ. ജി. സുഗുണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.