നിക്ഷേപ തട്ടിപ്പ് കേസ്: കൂടുതൽ തട്ടിപ്പിന് സംഘം ശ്രമം നടത്തി
text_fieldsആറ്റിങ്ങൽ: ആലംകോട് പുളിമൂട് പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് ശിവശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ തട്ടിപ്പിന് ശ്രമം നടത്തി. 45 സ്ത്രീകളെ മുൻനിർത്തിയാണ് ശ്രീഗോകുലം ട്രസ്റ്റുണ്ടാക്കിയത്. എന്നാൽ, ട്രസ്റ്റ് ഭാരവാഹികളിൽ സെക്രട്ടറി മാത്രമാണ് സ്ത്രീ. ഇവർ ഉൾപ്പെടെ എല്ലാ സ്ത്രീകളും വായ്പ തട്ടിപ്പിനിരയായി. അതേസമയം ഭാരവാഹികളായ പുരുഷന്മാർ വായ്പ ബാധ്യതയുള്ളവരല്ല.
അരലക്ഷം വീതം 45 പേർക്കാണ് വായ്പ അനുവദിച്ചത്. അഞ്ച്, പത്ത് വീതം ഗ്രൂപ്പുകളെ എത്തിച്ചാണ് വായ്പ അനുവദിച്ചത്. ഇതിനുശേഷം പുതിയ ടീമുകളെ കൊണ്ടുവന്നെങ്കിലും വായ്പ അനുവദിച്ചില്ല.
പത്ത് അപേക്ഷകൾ നിരസിച്ചു. ശേഷം നിലവിൽ വായ്പ അനുവദിച്ചവരുടെ തിരിച്ചടവ് കൃത്യമാണെന്ന് കാണിച്ച് മറ്റ് കാർഷിക പദ്ധതികൾക്ക് വായ്പക്ക് ശ്രമിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനം സംശയകരമാണെന്ന് സംഘം ബോർഡിലുള്ള ചിലർ സംശയം പ്രകടിപ്പിച്ചതിനെതുടർന്നാണ് വായ്പ അനുവദിക്കാതിരുന്നത്.
ഒരു പശുവിന് 95000 രൂപയാണ് സംഘത്തിൽ സമർപ്പിച്ച രേഖയിലുള്ളത്. പത്ത് പശുക്കളിൽ താഴെ വാങ്ങി 45 പശുക്കളെ വാങ്ങിയതായി രേഖയുണ്ടാക്കി. അഞ്ചലിലെ ഫാമിൽനിന്നാണ് പശുവിനെ വാങ്ങിയത്. പശുക്കൾക്ക് ശരാശരി 60000 രൂപയാണ് വില. ഓരോന്നിലും 35000 രൂപയുടെ തട്ടിപ്പ് നടന്നു.
വാങ്ങാത്ത പശുവിനും ഡോക്ടർ സർട്ടിഫിക്കറ്റും ഇൻഷുറൻസ് രേഖകളും എത്തിച്ചിട്ടുണ്ട്. ഇരകളുടെ ആധാർ, ഐ.ഡി കാർഡ് രേഖകൾ ഇവർ കൈവശപ്പെടുത്തിയിരുന്നു. അത് ഉപയോഗിച്ച് മറ്റ് ഏജൻസികളിൽനിന്ന് വായ്പയെടുത്തിട്ടുണ്ടോ എന്നും ഇരകൾ സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.