ഐ.എസ്.ആർ.ഒയുടെ ലേബലുള്ള ഉപകരണം മത്സ്യവലയിൽ
text_fieldsആറ്റിങ്ങൽ: ഐ.എസ്.ആർ.ഒയുടെ ലേബലുള്ള ഉപകരണം മത്സ്യവലയിൽ കുടുങ്ങി. അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ മാമ്പള്ളി മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കാണ് ഉപകരണം ലഭിച്ചത്. അഞ്ചംഗ സംഘം ബോട്ടിൽ വലിച്ചുകയറ്റിയ വലയിൽനിന്ന് മീൻ വേർതിരിക്കവേയാണ് തെർമോകോൾ ബോക്സ് ശ്രദ്ധയിൽപ്പെട്ടത്.
ഐ.എസ്.ആർ.ഒയുടെ ലേബലും വിലാസവും ഇതിൽ പതിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ വിവരം നൽകിയതിനെതുടർന്ന് അഞ്ചുതെങ്ങ് പൊലീസ് വള്ളം ഉടമയെ ബന്ധപ്പെടുകയും സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശിന്റെ നേതൃത്വത്തിൽ നേരിട്ടെത്തി ഉപകരണം കൈപ്പറ്റുകയുമായിരുന്നു.
പന്ത്രണ്ട് സെന്റീമീറ്റർ നീളവും വീതിയുമുള്ള തെർമോക്കോൾ ബോക്സിന്റെ ഇരുവശങ്ങളിലേക്കും ആന്റിന രൂപത്തിലുള്ള വസ്തുക്കളും ഘടിപ്പിച്ചിട്ടുണ്ട്. ബോക്സിനു മുകളിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (ഐ.എസ്.ആർ.ഒ) ഗവ. പ്രോപ്പർട്ടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഉപകരണം ഉപയോഗത്തിലുള്ളതാണോ ഉപേക്ഷിക്കപ്പെട്ടതാണോ എന്ന് അറിയില്ലെന്നും കണ്ടെത്തിയ വിവരം ഐ.എസ്.ആർ.ഒ അധികൃതരെ അറിയിച്ച് കൈമാറുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.