നവീകരണം കാത്ത് കടയ്ക്കാവൂർ ചെക്കാലവിളാകം ജങ്ഷൻ
text_fieldsആറ്റിങ്ങൽ: വികസനം ഇല്ലാതെ ചെക്കാലവിളാകം ജങ്ഷൻ അവഗണനയിൽ. ചിറയിൻകീഴ്, വർക്കല, ആലംകോട് മേഖലകളിൽനിന്നുള്ള റോഡുകൾ ഉൾപ്പെടെ അഞ്ച് പ്രധാന റോഡുകളുടെ സംഗമസ്ഥാനവും താലൂക്കിലെ ടൂറിസം ഇടനാഴിയിലേക്ക് തുറക്കുന്ന പാതയിലെ പ്രധാന ജങ്ഷനുമാണ് കടയ്ക്കാവൂർ ചെക്കാലവിളാകം.
എന്നാൽ, അടിസ്ഥാനസൗകര്യം ഒരുക്കുന്ന കാര്യത്തിൽ അധികാരികൾ മൗനം പാലിക്കുകയാണ്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കാൻ പോലും അധികൃതർ തയാറായിട്ടില്ല.
പൊതുചന്തയും വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ആരാധനാലയങ്ങളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ജങ്ഷനിൽ പ്രവർത്തിക്കുന്നു. അഞ്ചുതെങ്ങ് പഞ്ചായത്ത് നിവാസികൾ ബാങ്കിങ് ആവശ്യങ്ങൾക്ക് എത്തുന്നത് ചെക്കാലവിളാകം ജങ്ഷനിലാണ്.
ജങ്ഷനിൽ സ്ഥാപിച്ച വഴിവിളക്കുകളിൽ പലതും കത്താറില്ല. ഇതിനൊപ്പം രാത്രികാലങ്ങളിൽ തെരുവുനായ് ശല്യം കൂടിയാകുന്നതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഡിവൈഡറുകളുടെ അശാസ്ത്രീയ നിർമാണമാണ് മറ്റൊരു വെല്ലുവിളി.
ആലംകോട് മീരാൻകടവ് റോഡ് പൂർത്തിയാകുന്നതോടെ ചെക്കാലവിളാകം ജങ്ഷനും ആധുനികരീതിയിൽ നവീകരികേണ്ടതുണ്ട്. ആലംകോട് ദേശീയപാതയിൽനിന്ന് തീരദേശ റോഡിലേക്കുള്ള സുഗമ യാത്രക്കിടയിൽ ഡിവൈഡറുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
അനധികൃത വാഹന പാർക്കിങ്ങും റോഡ് കൈയേറിയുള്ള വാണിഭവും പ്രതിസന്ധിയാണ്. താലൂക്കിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചിറയിൻകീഴ്, വക്കം, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ട പ്രധാന ജങ്ഷനായ ചെക്കാലവിളാകത്തെ ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.