അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ
text_fieldsആറ്റിങ്ങൽ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. തീരദേശഗ്രാമങ്ങൾ ഉൾപ്പെടുന്ന ഗ്രാമീണമേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ വികസനം ഇന്നും എങ്ങുമെത്തിയിട്ടില്ല. തിരുവനന്തപുരം-കൊല്ലം റെയിൽവേ ലൈനിന്റെ തുടക്കകാലം മുതലുള്ള പ്രധാന റെയിൽവേ സ്റ്റേഷനായിട്ടും അടിസ്ഥാനസൗകര്യവികസനത്തിനുപോലും അധികൃതർ തയാറാകുന്നില്ല.
സമീപസ്റ്റേഷനുകളായ ചിറയിൻകീഴും വർക്കലയിലും നിരവധി വികസനപ്രവർത്തനങ്ങൾ നടക്കുമ്പോഴും കടയ്ക്കാവൂർ സ്റ്റേഷൻ തീർത്തും അവഗണനയിലാണ്. കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് മേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. നിലവിൽ ദീർഘദൂരയാത്രകൾക്ക് ഉൾപ്പെടെ ഈ സ്റ്റേഷനെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്.
കോവിഡ് കാലത്ത് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ് നിർത്തലാക്കിയിരുന്നു. ഇതിൽ ഗുരുവായൂർ എക്സ്പ്രസിന് രാവിലെയുള്ള സ്റ്റോപ് മാത്രമാണ് അടുത്തിടെ വീണ്ടും അനുവദിച്ചത്.
അമൃത എക്സ്പ്രസ് ഉൾപ്പെടെയുള്ള പല ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിൽ ഒരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോം തീവണ്ടി കടന്നുപോകുന്നതിന് ഉപയോഗിക്കാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് ഇവിടെ നിലവിൽ ട്രെയിനുകൾ നിർത്തുന്നത്. പടി കയറി മേൽപ്പാതയിലൂടെ വേണം ഇവിടെയെത്താൻ. പ്രായമായവർക്കും അസുഖബാധിതരായ യാത്രക്കാർക്കുമെല്ലാം ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഒന്നാമത്തെ പ്ലാറ്റ്ഫോം നിലവിൽ ട്രെയിനുകൾ പിടിച്ചിടുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
തീവണ്ടികളുടെ എണ്ണവും യാത്രക്കാരും കുറഞ്ഞതോടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ്, ലഘുഭക്ഷണശാല എന്നിവയും നിർത്തലാക്കി. ഭക്ഷണശാലക്കായി പുതുതായി നിർമിച്ച കെട്ടിടം അമിത വാടക കാരണം ഇതുവരെയും ആരും കരാർ എടുത്തിട്ടില്ല. റെയിൽവേ സ്റ്റേഷനോട് ചേർന്ന് സ്ഥാപിച്ച എ.ടി.എം കൗണ്ടറും അമിതവാടക കാരണം പ്രവർത്തനം നിർത്തിെവച്ചു. തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രവുമായിരിക്കുകയാണ് ഇവിടം.
റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള റോഡുകൾ വികസിപ്പിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാത്തതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ അനുവദിച്ച പല തുകകളും നഷ്ടമായതായി ജനപ്രതിനിധികൾ പറയുന്നു.
ആധുനികരീതിയിൽ സ്റ്റേഷൻ നവീകരിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുകയും ചെയ്ത് യാത്രാദുരിതം തീർക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.