കോളൂര്‍ സ്‌റ്റേഡിയം വികസനം സ്വപ്നമായി അവശേഷിക്കുന്നു
text_fieldsആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ പ്രധാന കളിക്കളമായ കോളൂര്‍ സ്‌റ്റേഡിയം വികസനം സ്വപ്നമായി അവശേഷിക്കുന്നു, പ്രഖ്യാപനങ്ങൾ പാഴ്വാക്കാകുന്നു. പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. മികച്ച കായികപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് 30 വര്‍ഷം മുമ്പ് പഞ്ചായത്ത് കോളൂരില്‍ സ്‌റ്റേഡിയം ഒരുക്കിയത്.
2013ല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ രണ്ട് മുറികളും ശുചിമുറികളും നിര്‍മിച്ചു. അതിനുമുമ്പോ ശേഷമോ ഒരു വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിട്ടില്ല.
കായികതാരങ്ങള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല. മണ്ണിടിച്ച് നിരപ്പാക്കിയ ഭൂമി മാത്രമാണ് ഇപ്പോള്‍ ഈ മൈതാനം. വെള്ളവും വെളിച്ചവുമില്ല. മൈതാനത്തിന്റെ രണ്ടുവശവും വലിയ കുഴിയാണ്. ചുറ്റുമതിലും സുരക്ഷ സംവിധാനങ്ങളുമില്ല.
സ്റ്റേഡിയത്തിലെ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളുമൊരുങ്ങിയാല്‍ മുദാക്കല്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ആളുകള്‍ക്ക് വലിയ ഗുണംചെയ്യും.
കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കഴിയുന്നതിനപ്പുറം യുവാക്കള്‍ക്കും വയോധികര്‍ക്കും നടത്തത്തിനും വ്യായാമങ്ങള്‍ക്കും സൗകര്യം ലഭിക്കും. ശാരീരികക്ഷമത ആവശ്യമുള്ള വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികള്‍ക്കും സ്‌റ്റേഡിയം പ്രയോജനപ്പെടും.
സ്‌റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ കുറവാണെങ്കിലും കുട്ടികളും ചെറുപ്പക്കാരും ഇവിടെ കളികള്‍ക്കും പരിശീലനങ്ങള്‍ക്കും എത്താറുണ്ട്. വിവിധ ക്ലബുകള്‍ ഇവിടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കളിക്കളത്തിന് ഭൂമി കണ്ടെത്താന്‍ വിഷമിക്കുന്നുണ്ട്.
മുദാക്കലില്‍ സ്ഥലം ഉണ്ടായിട്ടും സൗകര്യങ്ങളൊരുക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്‌നം. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികൾ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതിനായുള്ള പദ്ധതി ആസൂത്രണം ആരംഭിച്ചു.
സ്റ്റേഡിയത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള കണക്കെടുപ്പുകള്‍ പൂര്‍ത്തിയായി. ഇവ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം വി. ശശി എം.എല്‍.എ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്റെ വികസനത്തിന് പദ്ധതി തയാറാകുന്നത്.
അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാരും കായികവിദ്യാർഥികളും കാണുന്നത്. എന്നാൽ മുൻ കാലങ്ങളെപോലെ ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.