കോളൂര് സ്റ്റേഡിയം വികസനത്തിലേക്ക്, ഒരു കോടിയുടെ പദ്ധതിക്ക് അനുമതി
text_fieldsആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന കളിക്കളമായ കോളൂര് സ്റ്റേഡിയം വികസനത്തിനൊരുങ്ങുന്നു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ നാലാം നൂറുദിന പരിപാടിയില്‍ കായികവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് 13 കളിക്കളങ്ങള്‍ കൂടി ഒരുക്കാൻ ഉൾപ്പെടുത്തിയതിൽ കോളൂർ സ്റ്റേഡിയവുമുണ്ട്. എല്ലാവര്ക്കും കായികം എല്ലാവര്ക്കും ആരോഗ്യം എന്ന അടിസ്ഥാന കാഴ്ചപ്പാടിലാണ് ആധുനിക കളിക്കളം ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാൻ സൗകര്യം ഒരുക്കുന്നുണ്ട്. ഓപണ്‍ ജിം, നടപ്പാത സൗകര്യങ്ങളും ഉണ്ടാകും.
ഒരുകോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 50 ശതമാനം തുക കായികവകുപ്പും ബാക്കി ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സി.എസ്.ആര് ഫണ്ട് തുടങ്ങിയവയില്‍ നിന്നുമാണ്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം വി. ശശി എം.എല്‍.എ നടത്തിയ ഇടപെടലാണ് സ്റ്റേഡിയത്തിന്റെ വികസനത്തിന് വഴിയൊരുക്കിയത്.
പഞ്ചായത്തിലെ 14ാം വാര്‍ഡിൽ 30 വര്‍ഷം മുമ്പായിരുന്നു നിർമാണം. 2013ല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിനുള്ളില്‍ രണ്ട് മുറികളും കക്കൂസുകളും നിര്‍മിച്ചു. അതിനുമുമ്പോ ശേഷമോ വികസനപ്രവര്ത്തനങ്ങളൊന്നുമുണ്ടായില്ല. കായികപരിശീലനത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല. മണ്ണിടിച്ച് നിരപ്പാക്കിയ ഭൂമിയാണ് മൈതാനം. വെള്ളവും വെളിച്ചവുമില്ല. മൈതാനത്തിന്റെ രണ്ട് വശവും വലിയ കുഴിയാണ്. ചുറ്റുമതിലും സുരക്ഷാസംവിധാനങ്ങളുമില്ല.
സ്റ്റേഡിയത്തില്‍ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമൊരുങ്ങിയാല് മുദാക്കല്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ആളുകള്‍ക്ക് വലിയ ഗുണം ചെയ്യും. കായികതാരങ്ങള്‍ക്ക് പരിശീലനത്തിനൊപ്പം യുവാക്കള്‍ക്കും വയോധികര്‍ക്കും നടത്തത്തിനും വ്യായാമത്തിനും സൗകര്യം ലഭിക്കും. ശാരീരികക്ഷമത ആവശ്യമുള്ള വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് തയാറെടുക്കുന്നവർക്കും സ്റ്റേഡിയം പ്രയോജനപ്പെടും.
പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കളിക്കളത്തിന് ഭൂമി കണ്ടെത്താന്‍ വിഷമിക്കുന്നുണ്ട്. സ്റ്റേഡിയമുണ്ടായിട്ടും സൗകര്യങ്ങളൊരുക്കാനാവാത്ത പ്രശ്നം പരിഹരിക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. സൗകര്യങ്ങള്‍ കുറവാണെങ്കിലും കുട്ടികളും ചെറുപ്പക്കാരും ഇവിടെ കളികള്‍ക്കും പരിശീലനങ്ങള്‍ക്കും എത്താറുണ്ട്. വിവിധ ക്ലബുകള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്. പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാരും കായികവിദ്യാർഥികളും കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.