110 അധ്യാപകരെ പുറത്താക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ
text_fieldsആറ്റിങ്ങൽ: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പി.എസ്.സി വഴി നിയമനം നേടിയ 110 എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് അധ്യാപകരെ മാർച്ച് 31 മുതൽ സർവിസിൽനിന്ന് പുറത്താക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവർ പുറത്തു പോകുന്നതു വഴിയുണ്ടാകുന്ന ഒഴിവുകളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് പുതിയ നിർദേശം. സ്ഥാനക്കയറ്റം ലഭിച്ച പ്രൈമറി പ്രഥമാധ്യാപകർക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി തയാറാകണം. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നതുൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളാരംഭിക്കുമെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി അറിയിച്ചു.
ജില്ല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു. പുതിയ ജില്ല ഭാരവാഹികളായി പ്രദീപ് നാരായൺ (പ്രസി.), സി.ആർ. ആത്മകുമാർ (സെക്ര.), ബിജു ജോബോയി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.