വഴിയരികിൽ മാലിന്യം തള്ളി; കാൽ ലക്ഷം രൂപ പിഴയിട്ട് നഗരസഭ
text_fieldsആറ്റിങ്ങൽ: ലോഡുകണക്കിന് മാലിന്യം വഴിയരികിൽ തള്ളിയ സംഭവത്തിൽ കാൽലക്ഷം രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ. ഏപ്രിൽ ആറിനാണ് കൊല്ലമ്പുഴ മൂർത്തിക്ഷേത്രത്തിന് പിറകുവശത്തെ റോഡിൽ നിരവധി ചാക്കുകളിലാക്കി മാലിന്യക്കൂമ്പാരം ഉപേക്ഷിച്ചത്.
നഗരശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി രാവിലെ എട്ടോടെ എത്തിയ നഗരസഭ ആരോഗ്യവിഭാഗം ആൻറി ലിറ്ററിങ് സ്ക്വാഡാണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹരിതകർമസേന തൊഴിലാളികളെക്കൊണ്ട് അതേ സ്ഥലത്തുവെച്ചുതന്നെ മാലിന്യം തരംതിരിച്ചശേഷം സംസ്കരണ പ്ലാൻറിലേക്ക് മാറ്റി.
പ്ലാസ്റ്റിക്കും തെർമോകോളും പഴകിയ കർട്ടൻ സമഗ്രികളുമാണ് ചാക്കുകെട്ടുകളിലുണ്ടായിരുന്നത്. വിശദപരിശോധനയിൽ വർക്കല പുത്തൻചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിവാനിയ ഫർണിഷിങ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തുകയും ചെയ്തു.
സ്ഥാപനം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കിയ മാലിന്യം കല്ലമ്പലത്തെ ആക്രിക്കടക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞു. ഇവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്. അരുൺ അറിയിച്ചു.
ഇത്തരം ആളൊഴിഞ്ഞ തുറസ്സായസ്ഥലങ്ങളിൽ ചവറുകൾ വലിച്ചെറിഞ്ഞ് കടന്നുകളയുന്നവരെ പിടികൂടാൻ കൂടുതൽ സുരക്ഷാ കാമറകളും നഗരസഭ സ്ഥാപിക്കും. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, ജീവനക്കാരായ അജി, അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.