നഗര-ഗ്രാമങ്ങളിൽ ആവേശം സൃഷ്ടിച്ച് ആറ്റിങ്ങലിലെ സ്ഥാനാർഥികൾ
text_fieldsആറ്റിങ്ങൽ: നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പ് ആവേശം സൃഷ്ടിച്ച് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ. മലയോര ജീവിതമറിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർഥിയും പ്രവർത്തകരെ രംഗത്തിറക്കിയും കൺവെൻഷനിൽ പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാർഥിയും സമുദായ സംഘടനകളെ കൂടെക്കൂട്ടി എൻ.ഡി.എ സ്ഥാനാർഥിയും ബുധനാഴ്ച സജീവമായി.
കൺവെൻഷനുകൾ കേന്ദ്രീകരിച്ച് അടൂർ പ്രകാശ്
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് വർക്കലയിൽനിന്നാണ് ബുധനാഴ്ചയിലെ പര്യടനം ആരംഭിച്ചത്. പുല്ലമ്പാറ ചെപ്പിനോട് ആയിരവല്ലി ക്ഷേത്രത്തിലെ പൊതുപരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വെമ്പായത്ത് മഹിള കോൺഗ്രസ് മീറ്റിങ്, യൂത്ത് കോൺഗ്രസ് സംഗമം എന്നിവയിലും പങ്കെടുത്തു. ഡി.വൈ.എഫ്.ഐ വിട്ടുവന്നവർക്ക് സ്വീകരണം നൽകി. ഉച്ചക്കുശേഷം കാട്ടാക്കടയിൽ യു.ഡി.എഫ് നിയോജകമണ്ഡലം കൺവെൻഷൻ, കണിയാപുരത്ത് ഇഫ്താർ സംഗമം എന്നിവയിൽ പങ്കെടുത്തു.
സംഘടന വിഷയങ്ങളിൽ പിണങ്ങി നിൽക്കുന്ന പ്രവർത്തകരെ കാണാനും സംഘടനാ വിഷയങ്ങൾ പരിഹരിക്കാനും സമയം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 10ന് കിളിമാനൂരിൽ നടക്കുന്ന ആറ്റിങ്ങൽ നിയോജകമണ്ഡലം കൺവെൻഷൻ, വൈകുന്നേരം മൂന്നിന് വാമനപുരം നിയോജകമണ്ഡലം കൺവെൻഷൻ, നാലിന് കുറ്റിച്ചൽ മണ്ഡലം കൺവെൻഷൻ, 4.30ന് ആര്യനാട് മണ്ഡലം കൺവെൻഷൻ, അഞ്ചിന് പോത്തൻകോട് മണ്ഡലം കൺവെൻഷൻ എന്നിവയിൽ പങ്കെടുക്കും.
മലയോര മനുഷ്യസങ്കേതങ്ങൾ തേടി വി. ജോയ്
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് ബുധനാഴ്ച മണ്ണാങ്കോൽ ആദിവാസി സങ്കേതത്തിൽനിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് അരുവിക്കര നിയോജക മണ്ഡലത്തിലെ പൊടിയം, വാലിപ്പാറ, ചോനാംപാറ, ആമല, പാങ്കാവ് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ആദിവാസി സങ്കേതങ്ങളിൽ കാട്ടുപൂക്കളും കാട്ടുഫലങ്ങളും ഉൾപ്പെടെ നൽകിയാണ് ജനം സ്വീകരിച്ചത്. തനത് ആചാര രീതിയിലും ഉപഹാരങ്ങൾ നൽകിയും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ ഏഴുമുതൽ അരുവിക്കര മണ്ഡലത്തിലെ പര്യടനം പുനരാരംഭിക്കും. കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിനും വിദ്യാർഥികളുമായുള്ള സംവാദത്തിനും സമയം അനുവദിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നോടെ ചിറയിൻകീഴ് മണ്ഡലത്തിൽ പര്യടനം നടത്തും. തീരദേശം കേന്ദ്രീകരിച്ചുള്ള ‘തീരമാകെ ജോയ്’ എന്ന പരിപാടിയിൽ പങ്കെടുക്കും.
പദയാത്രകൾ തുടർന്ന് മുരളീധരൻ
എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയാണ് ബുധനാഴ്ചയിലെ പ്രവർത്തനങൾ ആരംഭിച്ചത്. പ്രാദേശിക വികസന ചർച്ചകളിലും പങ്കെടുത്ത് തന്റെ വികസന നിലപാടുകൾ അറിയിച്ചു.
ഉച്ചക്കുശേഷം കാട്ടാക്കട അമ്പലത്തിൻകാലയിൽ കുത്തേറ്റ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് വിഷ്ണുവിനെ സന്ദർശിച്ചു. വൈകീട്ട് മലയിൻകീഴ്, പേയാട് എന്നിവിടങ്ങളിൽ പദയാത്രകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.