കലാലയങ്ങൾ കേന്ദ്രീകരിച്ച് ആറ്റിങ്ങലിലെ സ്ഥാനാർഥികൾ
text_fieldsആറ്റിങ്ങൽ: കലാലയങ്ങൾ കേന്ദ്രീകരിച്ച് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ, പ്രധാന കവലകളിലെ സന്ദർശനങ്ങൾ, വ്യക്തികളെ സന്ദർശിക്കൽ എന്നിവക്കൊപ്പം തന്നെ കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിന് മൂന്ന് സ്ഥാനാർഥികളും പ്രാധാന്യം നൽകി.
ഹോളി ആഘോഷിച്ച് അടൂർ പ്രകാശ്
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ടാണ് ചൊവ്വാഴ്ചത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ചിറയിൻകീഴ് നിയോജകമണ്ഡലം കൺവെൻഷനിലും വർക്കല നിയോജകമണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.ഇതിനിടയിൽ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ സെന്റ് സേവിയേഴ്സ് കോളജിലെത്തി. വേനലവധിക്ക് മുന്നേയുള്ള ഹോളി ആഘോഷത്തിന്റെ നിറവിലായിരുന്നു കാമ്പസ്.
ആഘോഷത്തിലായിരുന്ന വിദ്യാർഥികൾ സ്ഥാനാർഥിയുടെ മുഖത്തും നിറംപൂശി. അധ്യാപകരുടെ ലഞ്ച് മീറ്റിങ്ങിൽ പങ്കെടുത്താണ് സ്ഥാനാർഥി മടങ്ങിയത്. ഒപ്പം സെൽഫി എടുക്കാനും കുട്ടികൾ മറന്നില്ല.ബുധനാഴ്ച രാവിലെ 10ന് വട്ടപ്പാറ ജങ്ഷനിൽ പര്യടനം നടത്തും. 11ന് നെടുമങ്ങാട് യൂത്ത് കോൺക്ലേവിൽ പങ്കെടുക്കും. വൈകീട്ട് നാലിന് പൂവച്ചൽ വ്യാപാര ഭവനിൽ നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.
ജോയ് ഫുൾ കാമ്പസ്
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി ചൊവ്വാഴ്ച നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ജോയി ഫുൾ കാമ്പസ് എന്ന കാമ്പയിന്റെ ഭാഗമായി പിരപ്പൻകോട് യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗവ. കോളജ് നെടുമങ്ങാട്, ഗവ. പോളിടെക്നിക് കോളജ്, നെടുമങ്ങാട്, ബി.എഡ് കോളജ്, നെടുമങ്ങാട് എന്നിവിടങ്ങളിൽ എത്തി വിദ്യാർഥികളോട് സംവദിച്ചു.
അധ്യയന വർഷത്തിന്റെ അവസാനവും പരീക്ഷകളും ആയിരുന്നതിനാൽ എല്ലാ കാമ്പസുകളിലും വിദ്യാർഥികൾ പൂർണമായും ഉണ്ടായിരുന്നില്ല. കലാലയങ്ങളിൽ ഉണ്ടായിരുന്ന വിദ്യാർഥികളുമായും എസ്.എഫ്.ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥികളുമായി കോളജ് അധികൃതരുമായും എല്ലാം സ്ഥാനാർഥി സംസാരിക്കുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. വിദ്യാർഥികളുടെയും വികസന കാഴ്ചപ്പാടുകൾ ആവശ്യങ്ങൾ എന്നിവ ചോദിച്ചറിയുകയും നിലവിൽ സർക്കാർ നടപ്പാക്കി ക്കൊണ്ടിരിക്കുന്ന പദ്ധതികൾ വിശദീകരിക്കുകയും താൻ ചെയ്യാൻ ആഗ്രഹിക്കുന്ന വികസന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു. വി. ജോയിയുടെ വാഹനപര്യടനം ബുധനാഴ്ച കിളിമാനൂരിൽനിന്ന് ആരംഭിക്കും. കിളിമാനൂർ മേഖയിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും.
വിദ്യാർഥികളെയും അധ്യാപകരെയും കണ്ട് വി. മുരളീധരൻ
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുധീറിന്റെ വസതിയിലെത്തി പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.
പോത്തൻകോട് ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളജിൽ എത്തിയ വി. മുരളീധരൻ ഒരു മണിക്കൂർ പുതുതലമുറയോട് സംവദിച്ചു. വികസിത ഭാരത സ്വപ്നങ്ങളോട് ചേർന്ന് നിൽക്കാൻ സ്ഥാനാർഥി വിദ്യാർഥികളോട് അഭ്യർഥിച്ചു. ഗോകുലം മെഡിക്കൽ കോളജിലും മുരളീധരൻ സന്ദർശിച്ച് വോട്ട് തേടി. ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ വർക്കലയിൽ സംഘടിപ്പിച്ച വികസന ചർച്ചയിലും വി. മുരളീധരൻ പങ്കെടുത്തു. വൈകീട്ട് ഇളമ്പതടം, മടവൂർ, വക്കം എന്നിവിടങ്ങളിൽ പദയാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.