ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം; തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു
text_fieldsആറ്റിങ്ങൽ: കൺവെൻഷനുകളും പൗരത്വ ഭേദഗതി കാമ്പയിനുകളുമായി ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം ഊർജിതം. മൂന്നുമുന്നണികളും പ്രാദേശികതലം വരെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പൗരത്വ ഭേദഗതി നിയമമാണ് പ്രചാരണരംഗത്ത് മുന്നിട്ടുനിൽക്കുന്ന വിഷയം. സി.എ.എക്കെതിരെ ആറ്റിങ്ങൽ നഗരത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ നേതൃത്വത്തിൽ വലിയ റാലി സംഘടിപ്പിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ വെമ്പായത്തും ഇതേ വിഷയത്തിൽ റാലി നടത്തി. എൻ.ഡി.എയും ഇതേ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയാണ് പ്രചരണം നടത്തുന്നത്.
യു.ഡി.എഫിന്റെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ നിയോജക മണ്ഡലം പഞ്ചായത്തുതല കൺവെൻഷനുകൾ യു.ഡി.എഫ് ആരംഭിച്ചുകഴിഞ്ഞു. എൽ.ഡി.എഫ് ഘട്ടംഘട്ടമായി മേഖലാ കൺവെൻഷനുകൾ വരെ സംഘടിപ്പിക്കുകയും ബൂത്ത് കൺവെൻഷനുകൾ ആരംഭിക്കുകയും ചെയ്തു. എൻ.ഡി.എ അവരുടെ സ്വാധീന മേഖലകളിൽ ഭവന സന്ദർശനം ഉൾപ്പെടെ കാമ്പയിനുകൾ ആരംഭിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആറ്റിങ്ങൽനിന്ന് ആരംഭിച്ചു. ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്താണ് പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് വാമനപുരം, നഗരൂർ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു.
പൗരത്വഭേദഗതിക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിലും പങ്കെടുത്തു. കന്യാകുളങ്ങരനിന്ന് വെമ്പായത്തേക്കായിരുന്നു നൈറ്റ് മാർച്ച്.എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് ഞായറാഴ്ച വാമനപുരം നിയോജക മണ്ഡലം കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കാളിയായത്. നിയോജകമണ്ഡലത്തിലെ മലയോരമേഖലകളിലും ആദിവാസി ഗോത്രവർഗക്കാർ താമസിക്കുന്ന കോളനികളിലും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.
മടത്തറ, കൂത്തുപറമ്പ് കോട്ട മാവ്, ശാസ്താംനട, കലയപുരം, പാങ്ങോട്, കൊച്ചടപ്പുപാറ, അഞ്ചാനക്കുഴിക്കര, ചെടിയാംകുന്ന് കയം, നീർപ്പാറ, പച്ചമല, ചെറ്റച്ചൽ, വട്ടപ്പൻകാട് എന്നിവിടങ്ങൾ സന്ദർശിച്ചു.തിങ്കളാഴ്ച ഇതേ മാതൃകയിൽ അരുവിക്കര മണ്ഡലത്തിൽ പര്യടനം നടത്തും. എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ഞായറാഴ്ച പോത്തൻകോട് പണിമൂല ക്ഷേത്രദർശനത്തോടെ പര്യടനം ആരംഭിച്ചു.
കാട്ടാക്കടയിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും സാമുദായിക സംഘടന നേതാക്കളെ സന്ദർശിച്ച് പിന്തുണ തേടുകയും ചെയ്തു. വൈകീട്ട് പദയാത്രയിൽ പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.