കൺവെൻഷനും പദയാത്രയുമായി പ്രചാരണരംഗം
text_fieldsആറ്റിങ്ങൽ: വേനൽച്ചൂട് സ്ഥാനാർഥികളുടെ പര്യടനത്തിൽ ബാധിക്കുന്നുണ്ടെങ്കിലും ആവേശം ചോരാതെ പ്രവർത്തന രംഗം. ഉച്ചനേരം പൊതുനിരത്തിലെ പര്യടനങ്ങൾക്ക് വിശ്രമം നൽകിയാണ് സ്ഥാനാർഥികളുടെ വോട്ടുതേടൽ. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തിങ്കളാഴ്ച രാവിലെ പാർലമെൻറ് മണ്ഡലം തല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്താണ് പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. കൺവെൻഷനു ശേഷം വിവിധ സ്ഥലങ്ങളിലുള്ള സംഘടനാ വിഷയങ്ങളിൽ ഇടപെടുകയും പ്രശ്നപരിഹാരങ്ങൾക്ക് ശ്രമിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ സംഘടനാനേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് സമയം ചെലവഴിക്കും. ഉച്ചക്ക് ശേഷം വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കൺവെൻഷൻ, 6.30 ന് വാവറകുന്നത്ത് ഭഗവതി ക്ഷേത്രം സാംസ്കാരിക സമ്മേളനം എന്നിവയിൽ പങ്കെടുക്കും.
ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി തിങ്കളാഴ്ച ചാനൽ ഇൻറർവ്യൂ വോടുകൂടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. സംഘടന നേതാക്കളുമായുള്ള ചർച്ചകൾ, പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടൽ എന്നിവക്ക് സമയം കണ്ടെത്തി. ഉച്ചക്ക് ശേഷം ചിറയിൻകീഴ് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. അഴൂർ ക്ഷേത്ര ഉത്സവ സ്ഥലത്തെത്തി ജനങ്ങളോട് വോട്ടഭ്യർഥിച്ചു. ബുധനാഴ്ച അരുവിക്കര മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ എത്തി വോട്ട് തേടും.
ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ തിങ്കളാഴ്ച വാമനപുരം മണ്ഡലത്തിൽ പ്രമുഖരുമായുള്ള കൂടിക്കാഴ്ച, നെടുമങ്ങാട് എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, പ്രാദേശിക വികസന ചർച്ച എന്നിവയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.