ആറ്റിങ്ങലിൽ പ്രചാരണം മുന്നോട്ട്...
text_fieldsആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ എൽ.ഡി.എഫ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ശനിയാഴ്ച പൂർത്തിയാക്കും. യു.ഡി.എഫ് കൺവെൻഷനുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. കൺവെൻഷനുകളിൽ തീരുമാനമാകാതെ എൻ.ഡി.എ കേന്ദ്രങ്ങൾ.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ നിയോജകമണ്ഡലം കൺവെൻഷനുകളാണ് ശനിയാഴ്ച പൂർത്തിയാകുന്നത്. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തൊട്ടടുത്ത ദിവസങ്ങളിൽ നിയോജകമണ്ഡലം കൺവെൻഷനുകൾക്ക് തുടക്കമാകും.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടകനായി കേന്ദ്ര നേതാക്കളുടെ സമയം അനുവദിച്ചു കിട്ടാത്തതിനാൽ തീയതിയും തീരുമാനിച്ചിട്ടില്ല.
വി. ജോയ് വെള്ളിയാഴ്ച ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ, പോങ്ങനാട് മേഖലകൾ സന്ദർശിച്ചു. പ്രധാന കവലകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്. ഉച്ചക്കുശേഷം വാമനപുരം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. തുടർന്ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ സന്ദർശനം നടത്തി. ശനിയാഴ്ച വൈകീട്ട് ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ വിവിധ യോഗങ്ങൾ, ഡി.സി.സി യോഗം കോലിയക്കോട് യു.ഡി.എഫ് നേതൃയോഗം എന്നിവയിൽ പങ്കെടുത്തു. വൈകീട്ട് അഞ്ചുമുതൽ നെല്ലനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ എം.പി ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ വെള്ളിയാഴ്ച മണ്ഡലത്തിൽ പദയാത്ര നടത്തി. മാറനല്ലൂർ, ഊരൂട്ടമ്പലം മേഖലകളിലാണ് പദയാത്ര നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.