കണ്ടും പറഞ്ഞും വോട്ടർമാർക്കിടയിൽ
text_fieldsഹൃദ്യവരവേൽപ്പ്, വീണ്ടും സഹായം അഭ്യർഥിച്ച് അടൂർ പ്രകാശ്
രാവിലെ 9.30 ഓടെയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ആറ്റിങ്ങൽ വഞ്ചിയൂർ ജങ്ഷനിൽ ഒരുക്കിയിരുന്ന സ്വീകരണം. ഒരുക്കം നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നെങ്കിലും സ്ഥാനാർഥിയെത്തിയപ്പോൾ 11.30 ആയി. ഉദ്ദേശിച്ച സമയത്തിനപ്പുറം പലയിടങ്ങളിലെയും സ്വീകരണം നീണ്ടതും സ്വീകരണം നിശ്ചയിച്ചിട്ടില്ലാത്തയിടങ്ങളിൽ വാഹനംനിർത്തി വോട്ടഭ്യർഥിച്ചതും സമയക്രമം തെറ്റിച്ചു.
ബാൻഡ് മേളത്തിന്റെ ശബ്ദപ്പൊലിമയിൽ ത്രിവർണപതാകയേന്തിയ പ്രവർത്തകരുടെ അകമ്പടിയിലായിരുന്നു അടൂർ പ്രകാശിന്റെ വരവ്. മുതിർന്ന പാർട്ടി പ്രവർത്തകരും സ്ത്രീകളടക്കമുള്ള വോട്ടർമാരും ത്രിവർണ ഷാൾ അണിയിച്ച് സ്വീകരണം നൽകുന്നതിനൊപ്പം മാലപ്പടക്കത്തിന്റെ ശബ്ദവും തുടർച്ചയായി മുഴങ്ങി. ‘പാർലമെന്റിലേക്ക് വീണ്ടും മത്സരിക്കുന്ന എന്നെ വിജയിപ്പിക്കമെന്ന’ അഭ്യർഥനയോടെയായിരുന്നു സ്വീകരണത്തിനുള്ള അടൂർ പ്രകാശിന്റെ മറുപടി പ്രസംഗം. ‘കഴിഞ്ഞ തവണ നിങ്ങൾ സഹായിച്ചു, ആ സഹായം ഇത്തവണയും ഉണ്ടാകണം.
ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിക്കണം. വീണ്ടും പ്രാർഥനയും അനുഗ്രഹവും ഉണ്ടാകണം. എല്ലാവർക്കും നന്മകൾ നേരുന്നു’- സ്ഥാനാർഥിയുടെ പ്രസംഗം വീട്ടമ്മമാരടക്കം ശ്രദ്ധാപൂർവം കേട്ടു. അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള യാത്ര തുടരവെ അനൗൺസ്മെന്റ് കേട്ട് വീടിന് പുറത്തേക്ക് വന്ന സ്ത്രീകളും കുട്ടികളെയുമടക്കം അഭിവാദ്യം ചെയ്തു. വഞ്ചിയൂർ കിളിത്തട്ടുവിളയിൽ വാഹനവ്യൂഹം എത്തുമ്പോൾ സ്ത്രീകളുൾപ്പെടെ നിരവധിപേർ വഴിയരികിലുണ്ടായിരുന്നു. പാർട്ടിപ്രവർത്തകരും അനുഭാവികളുമടക്കം മുന്നോട്ടുവന്ന് സ്ഥാനാർഥിക്ക് ഷാൾ അണിയിക്കാൻ തിരക്കുകൂട്ടി. സ്വീകരണത്തിന്റെ തിരക്കിനിടയിലും അരികിലെത്തിയവരോട് കുശലാന്വേഷണം നടത്താനും സ്ഥാനാർഥി ശ്രദ്ധിച്ചു.
11.45 ഓടെയാണ് വഞ്ചിയൂർ പുല്ലുതോട്ടം ജങ്ഷനിലെ സ്വീകരണം. ഇവിടെയും ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം. ആൽത്തറമൂട് പാവൂർകോണത്തും സ്വീകരണത്തിന് ആവേശത്തോടെ ആളുകളെത്തി. 12.30ന് നന്ദായ്വനത്തെ സ്വീകരണ സ്ഥലത്ത് വലിയ ജനാവലി സ്ഥാനാർഥിയെ കാത്തുനിൽപ്പുണ്ടായിരുന്നു. ഇതിനിടെ വിദ്യാർഥിനിയായ പ്രിയങ്ക താൻ വരച്ച അടൂർ പ്രകാശിന്റെ രേഖാചിത്രം സമ്മാനിച്ചു. രാവിലെ കടുവയിൽപള്ളിയിൽനിന്നാരംഭിച്ച പര്യടനം രാത്രി വൈകി ശീമവിളയിലാണ് സമാപിച്ചത്.
വിളികേൾക്കുന്ന ദൂരത്തുണ്ട്; നാട്ടുകാരനായി വോട്ടുതേടി ജോയി
വെയിൽ കനത്തുതുടങ്ങിയെങ്കിലും സ്ഥാനാർഥി വി. ജോയിയെ കാത്ത് സ്ത്രീകളടക്കം കാത്തുനിൽക്കുന്നുണ്ടായിരുന്നു. 10.35 ഓടെ പ്രചാരണവാഹനം പൊടിപറത്തിയെത്തി ‘സഖാവ് വരുന്നു, ജോയിഅണ്ണൻ വരുന്നു...നമ്മുടെ നാട്ടുകാരൻ വരുന്നു..., ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് ആറ്റിങ്ങൽ...’ - അണികളിൽ ആവേശം വിതറിയുള്ള അനൗൺസ്മെന്റിന് പിന്നാലെ തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെത്തി. ആറ്റിങ്ങൽ മണ്ഡലത്തിലെ തിനവിള നെടിയവിളയിലെ ക്ഷേത്രത്തോടുചേർന്ന മൈതാനത്തായിരുന്നു സ്വീകരണം.
തൊഴിലാളിസ്ത്രീകളടക്കം സ്ഥാനാർഥിയുടെ വാഹനത്തിനരികിലേക്കെത്തി. തുടർച്ചയായി പൊട്ടിയ പടക്കത്തിനൊപ്പം ആവേശംകൂട്ടി യുവതീ-യുവാക്കളുടെ ഫ്ലാഷ് മോബും ഗാനവും. വാഹനത്തിൽ നിന്നിറങ്ങിയ സ്ഥാനാർഥിക്ക് ഹാരങ്ങളും ഷാളുകളും അണിയിച്ച് വരവേൽപ്പ്. മുന്നിലെത്തിയ വയോധികരിൽ ചിലർ മുഷ്ടിചുരുട്ടി ‘സഖാവിന്’ അഭിവാദ്യം അർപ്പിച്ചു. അവർക്ക് തിരികെ അഭിവാദ്യമർപ്പിച്ച് നന്ദിപ്രസംഗത്തിലേക്ക് കടന്നു. ‘ഇടതുമുന്നണി സ്ഥാനാർഥി എന്നനിലയിൽ മാത്രമല്ല, നിങ്ങളുടെ നാട്ടുകാരനായാണ് ഞാൻ വരുന്ന’തെന്ന് പ്രസംഗത്തിൽ ഉൗന്നിപ്പറഞ്ഞു. ‘കണ്ണൂരിൽനിന്നും അടൂരിൽനിന്നും വരുന്നപോലെ അല്ല, ഉറക്കെ വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തുതന്നെ ഞാനുണ്ടെന്ന്’ ഉറപ്പ് നൽകിയും സ്വീകരണത്തിന് നന്ദി പറഞ്ഞുമായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.
രാവിലെ എട്ടിന് കടയ്ക്കാവൂർ തെക്കുംഭാഗത്തുനിന്നാരംഭിച്ച ശനിയാഴ്ചയിലെ പര്യടനം ചമ്പാവ്, ചെക്കാലവിളാകം, ഓവർബ്രിഡ്ജ്, നിലയ്ക്കാമുക്ക്, ഭജനമഠം, പുത്തൻവിള എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞാണ് നെടിയവിളയിലെത്തിയത്. തിനവള ഗുരുമന്ദിരത്തിലും എ.കെ നഗറിലും ലഭിച്ച സ്വീകരണത്തിലും ‘നാട്ടുകാരനാണെന്ന’ ഓർമപ്പെടുത്തൽ നടത്തി. ഒപ്പം ‘നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും’ കൂടെയുണ്ടാവുമെന്ന ഉറപ്പും. മണനാക്കിൽ വിശ്രമത്തിനുശേഷം ഉച്ചകഴിഞ്ഞ് തീരമേഖലയിൽകൂടിയായിരുന്നു യാത്ര. അഞ്ചുതെങ്ങ്, പെരുമാതുറ, പുതുക്കുറിച്ചി, തുമ്പ, മേനംകുളം വഴി രാത്രിയോടെ വിളയൻകുളത്തായിരുന്നു സമാപനം.
കേന്ദ്രസർക്കാർ നേട്ടങ്ങൾ വിവരിച്ച് മുരളീധരൻ
‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരാൻ എനിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു’- പാലോട് ഹോസ്പിറ്റൽ ജങ്ഷനിലെ സ്വീകരണത്തിൽ എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.
കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസനത്തിലൂന്നിയായിരുന്നു പാലുവള്ളി, ആനകുളം തുടങ്ങിയ സ്വീകരണസ്ഥലങ്ങളിലെ പ്രസംഗവും. ‘എല്ലാവർക്കുംവീട്, കുടിവെള്ളം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള പ്രയത്നമാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാർ നടത്തിയത്. 67 വർഷം ഭരണത്തിലുണ്ടായിരുന്നവർ ചെയ്തതുമായി താരതമ്യം ചെയ്താൽ അതിനെക്കാൾ എത്രയോ മടങ്ങാണ് 10 വർഷംകൊണ്ട് നടന്നതെന്ന് മനസ്സിലാവുമെന്നും തുടർന്നുള്ള സ്വീകരണ യോഗങ്ങളിൽ മുരളീധരൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പി, മഹിളമോർച്ച പ്രവർത്തകരും തൊഴിലാളികളുമടക്കം സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിൽപ്പുണ്ടായിരുന്നു. രാവിലെ ഉണ്ടപ്പാറയിൽനിന്നാരംഭിച്ച സ്വീകരണ പരിപാടികൾ ഇരിഞ്ചയം, താന്നിമൂട്, വേങ്കവിള, മരുതുംകോണം, വെള്ളരിക്കോണം, പള്ളിമുക്ക്, മൂഴി, പാങ്ങോട്, ആനാട്, ചുള്ളിമാനൂർ, പച്ച ജങ്ഷൻ, നന്ദിയോട് തുടങ്ങിയയിടങ്ങളിലെ സ്വീകരണത്തിനുശേഷം ഉച്ചകഴിഞ്ഞ് താന്നിമൂട് ജങ്ഷനിലാണ് സമാപിച്ചത്. ഉച്ചകഴിഞ്ഞ് പരിയാരത്തുനിന്ന് ആരംഭിച്ച സ്വീകരണപരിപാടികൾ രാത്രിയോടെ ഏണിക്കരയിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.