മാലിന്യം തള്ളാനെത്തിയ ലോറിയും ഡ്രൈവറും പിടിയിൽ
text_fieldsആറ്റിങ്ങൽ: വാഹനത്തിൽ മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടികൂടി നഗരസഭയും നാട്ടുകാരും. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്ത് തോപ്പിൽ ഇടവഴിയിലെ പുരയിടത്തിലാണ് അനധികൃതമായി മാലിന്യം തള്ളാൻ ശ്രമം നടന്നത്. മാലിന്യവുമായി എത്തിയവരെയും വാഹനത്തെയും നാട്ടുകാർ പിടികൂടി നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി.
ആളൊഴിഞ്ഞ പുരയിടമായിരുന്നതിനാൽ രാത്രിയിലും വെളുപ്പിനുമൊക്കെ ഇവിടെ മാലിന്യം കൊണ്ടുതള്ളുന്നത് പതിവായിരുന്നു. നഗരസഭ നിർദേശാനുസരണം പ്രദേശത്ത് നാട്ടുകാരുടെ നിരീക്ഷണമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 20ഓളം ചാക്കുകളിൽ നിറച്ച മാലിന്യം മിനിലോറിയിൽ കൊണ്ടുവന്ന് തള്ളാൻ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാർ വാഹനം തടഞ്ഞിട്ടത്. തുടർന്ന് വാർഡ് കൗൺസിലർ ജി. ശങ്കർ നഗരസഭ ആരോഗ്യവിഭാഗത്തിൽ വിവരം അറിയിക്കുകയും അവരെത്തെത്തി ഡ്രൈവറെയും വാഹനത്തെയും പിടികൂടുകയും ചെയ്തു.
നഗരസഭ പരിധിക്ക് വെളിയിലെ പാലമൂട് എന്ന സ്ഥലത്തുള്ള രാജേഷ് എന്ന വ്യക്തിയുടെ നിർദേശ പ്രകാരമാണ് ചാക്കുകെട്ടുകൾ ഇവിടെ തള്ളാൻ എത്തിയതെന്ന് ഡ്രൈവർ ആരോഗ്യവിഭാഗത്തിനോട് പറഞ്ഞു. പിടിച്ചെടുത്ത വാഹനം പിഴ ഈടാക്കിയശേഷം തുടർ നിയമനടപടിക്കായി പൊലീസിന് കൈമാറുമെന്നും ഹെൽത്ത് സൂപ്പർ വൈസർ ബി. അജയകുമാർ അറിയിച്ചു. 30ൽ അധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. അറവ്- കോഴി മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ നിരന്തരം ഇവിടെകൊണ്ടുവന്നു തള്ളുകയാണ്.
മാലിന്യ ശേഖരണത്തിനും പരിപാലനത്തിനും നിരവധി സംവിധാനങ്ങളുള്ള പട്ടണം കൂടിയാണ് ആറ്റിങ്ങൽ. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നതും വാഹനത്തിൽ കൊണ്ട് തള്ളിയതുമായ വിവിധ കേസുകളിൽ രണ്ട് ലക്ഷം രൂപയോളം പിഴ ചുമത്തി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, മുബാറക്ക് ഇസ്മായിൽ എന്നിവരുടെ സംഘമാണ് വാഹനം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.