തിരുവനന്തപുരത്ത് താഴ്ന്ന ഇടങ്ങൾ വെള്ളത്തിൽ; 360 പേർ ക്യാമ്പിൽ
text_fieldsആറ്റിങ്ങൽ: മഴയിൽ ചിറയിൻകീഴ് താലൂക്കിൽ 13 വീടുകൾ തകർന്നു; ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു. 360 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നു. രാമച്ചംവിള ഗവ. എൽ.പി.എസ്, വെള്ളൂർക്കോണം അംഗൻവാടി, പുരവൂര്‍ എസ്.വി.യു.പി.എസ്, പടനിലം എൽ.പി.എസ്, ശാർക്കര യു.പി.എസ്, എസ്.എൻ.വി.ജി.എച്ച്.എസ് കുടവൂർ, വക്കം റൂറൽ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടരുന്നത്.
കുന്നുവാരം യു.പി.എസ്, കൊട്ടിയോട് എൻ.എസ്.എസ് കരയോഗം എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന ക്യാമ്പുകൾ തിങ്കളാഴ്ച വൈകുന്നേരത്തോടെ പിരിച്ചുവിട്ടു. ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിന് ശമനം നൽകി ഒരു പകൽ മുഴുവൻ മഴ മാറിനിന്നെങ്കിലും വെള്ളക്കെട്ട് ഒഴിയാതെ താഴ്ന്ന പ്രദേശങ്ങൾ.
ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വലിയരീതിയിൽ വെള്ളകെട്ട് നിലവിലുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയ വീടുകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.
ആറ്റിങ്ങൽ നഗരസഭ വാർഡ് 24 കൊല്ലമ്പുഴയിൽ മഴയിൽ കുതിർന്ന് മൂഴിയിൽ കീഴേവീട്ടിൽ വിജയൻ - സുശീല ദമ്പതികളുടെ മൺവീട് തകർന്നു. പകുതിഭാഗം അടർന്നു നിലംപതിച്ചു. ബാക്കിഭാഗം ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. വീട്ടുകാരെ ഇവിടെനിന്ന് മാറ്റി.
മംഗലപുരം ഗ്രാമപഞ്ചായത്തിലെ വാലികോണം വാർഡിൽ ശിവദാസന്റെ വീടിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. അഴൂർ പഞ്ചായത്തിൽ മണ്ണിടിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു.
മഴ മുദാക്കല്‍ പഞ്ചായത്തില്‍ വന്‍നാശം വിതച്ചു. പത്ത് വാര്‍ഡുകളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. 20 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ചില വീടുകളില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നാല് വീടുകള്‍ പൂര്‍ണമായി തകരുകയും നിരവധി വീടുകള്‍ക്ക് ഭാഗികമായി നാശമുണ്ടാകുകയും ചെയ്തു.
പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 11, 15, 16, 19, 20 വാര്‍ഡുകളിലാണ് വന്‍ നാശമുണ്ടായത്. ഇവിടങ്ങളില്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തേമ്പ്രക്കോണത്ത് ഓമനക്കുട്ടന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് തോട്ടിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും താഴെവീണു.
ഇതിനെതുടര്‍ന്ന് തോട് അടയുകയും പ്രദേശമാകെ വെള്ളത്തിനടിയിലാകുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തി യന്ത്ര സംവിധാനമുപയോഗിച്ച് കാര്‍ എടുത്തുമാറ്റി. ഇവിടെ വീടിനോട് ചേര്‍ന്നുള്ള മണ്ണ് ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നത് ഭീഷണി ഉയര്‍ത്തുകയാണ്.
വാളക്കാട് അംബിയുടെ വീട്ടില്‍ വെള്ളം കയറി. ചുറ്റുപാടാകെ വെള്ളക്കെട്ടായി. ചന്നൂരില് റോഡുള്‍പ്പെടെ വെള്ളത്തിനിടയിലായതോടെ ഇവിടേക്ക് ആളുകള്‍ക്ക് എത്താനോ താമസക്കാര്‍ക്ക് പുറത്തേക്ക് പോകാനോ കഴിയാത്ത സ്ഥിതിയായി.
അഞ്ചുതെങ്ങിൽ വീടുകളിൽ വെള്ളം കയറി. പുത്തൻനട വാർഡിലെ 10 വീടുകൾ വെള്ളത്തിലായി. പറമ്പ് നിറഞ്ഞ് വീടുകളിൽ വെള്ളം കയറുകയായിരുന്നു. വീട്ടിലെ സാധനസാമഗ്രികൾ നശിച്ചു. തുടർന്ന് നാട്ടുകാർ ഇറങ്ങി ചാലുകൾ തെളിച്ചു കായലിലേക്ക് വെള്ളം ഒഴുക്കിവിട്ടാണ് അപകടാവസ്ഥ ഒഴിവാക്കിയത്.
കടയ്ക്കാവൂർ പഞ്ചായത്തിലെ കിഴക്കുംപുറം, തേവരനട, കല്ല്തോട്ടം, ഊട്ടുപറമ്പ് എന്നിവിടങ്ങളിലെ മുന്നൂറോളം വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത്, വില്ലേജ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു.
കിടപ്പുരോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ ഫൈബർ വള്ളങ്ങളിലാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. കൂടുതൽ പേരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് അഭയം തേടിയത്. പലരുടെയും സർട്ടിഫിക്കറ്റുകൾ റേഷൻ കാർഡ്, പാസ്പോർട്ട്, ചികിത്സാ രേഖകൾ നഷ്ടമായിട്ടുണ്ട്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഇത് കാരണം വീടുകൾക്കുള്ളിൽ കയറി സാധനസാമഗ്രികൾ മാറ്റാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങൾ.
നാവായിക്കുളം കിഴക്കേനടയിൽ സുരേഷിന്റെ ഫ്ലവർ മില്ലിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ മില്ലിന്റെ അകത്ത് വെള്ളം കയറുകയും മെഷീനുകളിലും വെള്ളം കയറി കേടുപാടുകൾ വന്നു. മില്ല് പ്രവർത്തിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
നാവായിക്കുളം മങ്ങാട്ട് വാതുക്കൽ നാഷനൽ ഹൈവേയിൽ പാലം പണിയുന്നിടത്ത് പാലത്തിന് മുകളിൽകൂടി വെള്ളം ഒഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. നാവായിക്കുളം വാഴവിള അഞ്ചിതാ ഭവനിൽ അശോകൻ - അമ്മിണിയുടെ വീട് മഴയിൽ തകർന്നു. മണമ്പൂർ പാലാംകോണം കിളിക്കൂട്ടിൽ അനിൽകുമാറിന്റെ വീടിന്റെ അടുക്കളയും വരാന്തയും മഴക്കെടുതിയിൽ ഇടിഞ്ഞുതാഴ്ന്നു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇടവ മേക്കുളത്തെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല; 185 പേർ ക്യാമ്പിൽ
വർക്കല: ഇടവ മേക്കുളത്തെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല; നാട്ടുകാർക്ക് ദുരിതജീവിതം. ദുരിതാശ്വാസ ക്യാമ്പിൽ ആളുകളുടെ എണ്ണം 185 ആയി ഉയർന്നു. മേക്കുളത്ത് വെള്ളക്കെട്ടുകൾ നിറഞ്ഞ തെക്കേ വയൽതൊടിയിലും വടക്കേ വയൽതൊടിയിലുമാണ് ദുരിതജീവിതം.
ചളിക്കളങ്ങളും തരിശുനിലങ്ങളും പുരയിടങ്ങളും ഇപ്പോഴും വെള്ളത്തിൽതന്നെ. വെള്ളം കയറിയ വീടുകളുടെ അവസ്ഥയിലും മാറ്റമൊന്നുമില്ല. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പകലും മഴ പെയ്യാത്തത് ആശ്വാസമായി.
കനത്ത മഴയിൽ പൊട്ടിയ ഊറ്റുകളിൽനിന്ന് ഇപ്പോഴും വെള്ളപ്പാച്ചിലുണ്ട്. ഇതാണ് വെള്ളം ഇറങ്ങിപ്പോകാത്തതിന് കാരണം. മേക്കുളം സ്റ്റേഡിയം റോഡിന്റെ മറുകരയിലെ പുരയിടങ്ങളിൽനിന്ന് രൂപപ്പെട്ട ഊറ്റിൽനിന്ന് ഇപ്പോഴും ശക്തിയോടെ വെള്ളം ഒഴുകുന്നതിനാൽ റോഡുകളിലെ വെള്ളക്കെട്ടും മാറിയിട്ടില്ല.
മേക്കുളം ഏലായുടെ മറുകരയിലെ തോട് ഇല്ലാതായതോടെയാണ് വെള്ളക്കെട്ടുകളിൽനിന്ന് മലിനജലം ഒഴുകിപ്പോകാത്തത്. മേക്കുളത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോൾ പകർച്ചവ്യാധിയുടെ ഭീഷണിയിലാണ്. മിക്കവാറും എല്ലാ വീടുകളിലെയും സെപ്റ്റിക് ടാങ്കുകളും വെള്ളക്കെട്ടിലകപ്പെട്ടു. കിണറുകളും നിറഞ്ഞു.
തന്മൂലം കിണർ വെള്ളം മലിനമായിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽനിന്ന് കിണർ വെള്ളത്തിലേക്ക് കോളിഫോം ബാക്ടീരിയ പടർന്നിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരൊന്നും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അവർക്ക് ഇക്കാര്യത്തിൽ നിർദേശം കൊടുക്കേണ്ട പഞ്ചായത്ത് നേതൃത്വവും അനങ്ങിയിട്ടില്ല.
വില്ലേജ് ഓഫിസർ എച്ച്. അൻസാരിയും വാർഡ് മെംബർ വി. സതീശനും മേക്കുളത്തെ വെള്ളക്കെട്ടുകൾ സന്ദർശിച്ചിരുന്നു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റോ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയോ തിരിഞ്ഞുനോക്കാത്തതിൽ പ്രദേശവാസികൾ അമർഷത്തിലാണ്. മേക്കുളത്ത് 33 കോടിയുടെ സ്റ്റേഡിയം നിർമാണം തുടങ്ങിയതോടെയും മഴവെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായി.
ശാസ്ത്രീയമായ ആലോചനകളിലൂടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കിയ ശേഷമേ സ്റ്റേഡിയം നിർമാണം ആരംഭിക്കാവൂ എന്നും അതല്ലെങ്കിലും പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുമെന്നും ഇത് സ്റ്റേഡിയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്നുമുള്ള വിദഗ്ധോപദേശം അധികൃതർ അവഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.