മാമം നാളികേര കോംപ്ലക്‌സ് പ്രവർത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്ക്
text_fieldsആറ്റിങ്ങല്‍: മാമം നാളികേര കോംപ്ലക്‌സ് പ്രവർത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്ക്, വെർജിൻ കോക്കനട്ട് ഓയിലിന് വിപണി കണ്ടെത്താൻ കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ഉൽപാദനം പൂർണമായും നിർത്തിവെച്ചു. വെളിച്ചെണ്ണ ഉൽപാദനവും നാമമാത്രം. അടഞ്ഞുകിടന്നിരുന്ന നാളികേര കോംപ്ലക്‌സ് 2021 ജൂണ്‍ 30 നാണ് പുനരാരംഭിച്ചത്. അഞ്ച് കോടി രൂപ ചെലവിട്ട് പുതിയ പ്ലാന്റ് സ്ഥാപിച്ചായിരുന്നു ഉദ്ഘാടനം. പ്രതിദിനം 20000 ലിറ്റര്‍ വെളിച്ചെണ്ണ ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റാണ് മാമത്ത് സ്ഥാപിച്ചിട്ടുള്ളത്.
നാളികേര കോംപ്ലക്‌സില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാക്കിയതുമായി ബന്ധപ്പെട്ട് ഏഴ് വർഷം മുമ്പ് ആദ്യ ഘട്ടത്തിൽ വൻ അഴിമതികൾ നടന്നിരുന്നു. ഇവയിൽ അന്നത്തെ എം.ഡി വിജിലൻസ് അന്വേഷണം നേരിടുകയാണ്. തുടർന്ന് പ്ലാന്‍റ് സജ്ജമാക്കുന്നത് കൂടുതൽ ബാധ്യതകള്‍ വരുത്തി. ഇലക്ട്രിക്കല്‍ പണികള്‍ നടത്തിയതിലും പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചതിലുമുണ്ടായ ബാധ്യതകളാണിവ. ഇതോടെ പ്രവർത്തന മൂലധനം കുറവായി.
വെളിച്ചെണ്ണ ഉൽപാദനത്തിന് പുറമെ കോംപ്ലക്‌സിൽ വിര്‍ജിന്‍ കോക്കനട്ട് ഓയിൽ ഉൽപാദന യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. വിര്‍ജിന്‍ കോക്കനട്ട് ഓയിലിന് നാട്ടിൽ ആവശ്യക്കാര്‍ കുറവായതിനാല്‍ ഇപ്പോള്‍ ഉൽപാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ അപകടം നേരത്തേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാൽ, വിദേശ വിപണിയിലെ സാധ്യതകളാണ് അന്ന് ബന്ധപ്പെട്ടവർ മുന്നോട്ടുവെച്ചത്. കയറ്റുമതിക്ക് ആവശ്യമായ അംഗീകാരങ്ങൾ കോർപറേഷന് ഇല്ല. അതിനാൽ വിര്‍ജിന്‍ കോക്കനട്ട് ഓയിൽ നിർമാണം പൂർണമായി നിർത്തിവെക്കേണ്ടി വന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായെങ്കിലും വെളിച്ചെണ്ണ ഉൽപാദനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊപ്ര ലഭിക്കുന്നതിനനുസരിച്ച് ചെറിയതോതിലുള്ള ഉൽപാദനമാണ് ഇപ്പോള്‍ പ്ലാന്റില്‍ നടന്നുവരുന്നത്.
ഉയര്‍ന്ന ഉൽപാദനച്ചെലവും വിപണിയിലെ മത്സരവുമാണ് മറ്റൊരു പ്രതിസന്ധി. സാദാ വെളിച്ചെണ്ണയുടെ വിപണനത്തിന് കോര്‍പറേഷന്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ വിപണിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കരാറെടുത്ത ഏജന്‍സിക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് എത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ബജറ്റ് വിഹിതമായി രണ്ട് കോടിരൂ പയാണ് നാളികേര വികസന കോര്‍പറേഷന് ലഭിക്കേണ്ടത്. ഇതിൽ പ്രതീക്ഷയർപ്പിച്ചാണ് കോർപറേഷൻ മുന്നോട്ട് പോകുന്നത്. അതേസമയം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ നാളികേര വികസന കോര്‍പറേഷന്‍ ബദൽ സാധ്യതകളും തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.