കനത്ത മഴയിൽ ആറ്റിങ്ങലിൽ നിരവധി വീടുകളിൽ വെള്ളം കയറി
text_fieldsആറ്റിങ്ങൽ: കനത്ത മഴയിൽ ആറ്റിങ്ങലിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൊട്ടിയോട് കിഴക്കുപുറം മോളി-റിഷി ദമ്പതികളുടെ ശ്രീശൈലം വീട്ടിൽ വെള്ളം കയറി. വീട്ടുകാരെ ഒഴിപ്പിച്ചു. നഗരസഭയുടെ ഭവന പദ്ധതിയിലൂടെ ലഭിച്ച 3 സെന്റ് ഭൂമിയിൽ കഴിഞ്ഞ വർഷമാണ് ഇവിടെ വീട് വെച്ചത്. വെള്ളം കയറി തുടങ്ങിയപ്പോൾ തന്നെ മോളിയുടെ വീട് അപകടാവസ്ഥയിലായി.
രാത്രിയിൽ മഴ വെള്ളം വീടിനുള്ളിലേക്ക് ഇരച്ചുകയറി സാധന സാമഗ്രികളും കുട്ടികളുടെ പഠനോപകരണങ്ങളും നശിച്ചു. മൂത്ത മകൾ ആര്യ പി.ജി വിദ്യാർഥിയും ഇളയ മകൾ സൂര്യ ബി.ടെക് വിദ്യാർഥിയുമാണ്. വിവരമറിഞ്ഞ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു.
സമീപത്തെ പരമ്പരാഗത തോടുകൾ ചിലയിടങ്ങളിൽ അപ്രത്യക്ഷമായതായി സംഘം കണ്ടെത്തി. സ്വകാര്യവ്യക്തികൾ മതിലു കെട്ടി അടച്ചപ്പോൾ ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചുകയറാൻ കാരണമായത്. ഈ പ്രദേശത്ത് നിർമാണം നടക്കുന്ന മറ്റൊരു വീട്ടിലും വെള്ളം കയറി. അടിയന്തരമായി തോടുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മാമം പറമ്പിൽ വീട്ടിൽ കെ. അശോകന്റെ വീട്ടിൽ വെള്ളം കയറി. അശോകനെ കൂടാതെ ഭാര്യ പി. ശകുന്തള മകൻ എ. പ്രസാദ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കിഴുവിലം വില്ലേജ് ഓഫിസർ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ഒ.പി. ഷീജ, സി.പി.എം പ്രവർത്തകരായ എസ്. സതീഷ് കുമാർ, എം.ജി മഹി എന്നിവരുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.
ബൈപാസ് നിർമാണം നടക്കുന്നതിനാൽ നിലവിലുള്ള തോട് മൂടിയതുകൊണ്ടാണ് വെള്ളം കയറിയത്. തോട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് ഡ്രൈനേജ് നിർമിച്ച് ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഠിനംകുളത്ത് 30 വീടുകളിൽ വെള്ളം കയറി
കഠിനംകുളം: തുടർച്ചയായി പെയ്ത കനത്ത മഴയിൽ വീട്ടിനകത്തും പുറത്തും വെള്ളക്കെട്ട് കാരണം ജീവിതം ദുസ്സഹമായി കഠിനംകുളത്തെ നിരവധി കുടുംബങ്ങൾ. കഠിനംകുളം പഞ്ചായത്തിലെ മൂന്നാം വാർഡായ കണ്ടവിളയിലെ മുപ്പതോളം കുടുംബങ്ങൾക്കാണ് ഈ ദുരിതം.
മഴക്കാലമായാൽ ഇവിടെ ദുരിതം ആരംഭിക്കും. മഴമാറിയാലും വെള്ളം മാറാൻ ദിവസങ്ങളെടുക്കും. എന്നാൽ ഇക്കുറി ദുരിതം ഭയാനകമായ അവസ്ഥയിലാണ്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ കാരണം മിക്കവാറും വീടുകളിൽ വെള്ളം കയറി.
പ്രായമായവരും കുട്ടികളും ഉൾപ്പെടെ നൂറോളം പേരാണ് ഭീതിയോടെ അന്തിയുറങ്ങുന്നത്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. പല വീടുകളും എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കിണറുകളും കക്കൂസുകളും നിറഞ്ഞ് ഉപയോഗശൂന്യമായി. ഈ മലിനജലത്തിലൂടെയാണ് റോഡിലേക്കിറങ്ങേണ്ടതും. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പോലും കുടുംബങ്ങൾക്ക് കഴിയാത്ത അവസ്ഥയാണ്.
നീർച്ചാലുകളും തോടുകളും കൈയേറ്റങ്ങളാൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. അടുത്തുള്ള കൈത്തോട് മാലിന്യം നീക്കി ആഴം കൂട്ടിയാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.