അഞ്ചുതെങ്ങ് കായലിൽ ഗതാഗതത്തിന് തടസ്സമായി മീരാൻകടവ് പഴയപാലം
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങ് കായലിൽ ജലഗതാഗതത്തിന് തടസ്സമായി മീരാൻകടവ് പഴയപാലം. പൊക്കം കുറഞ്ഞ പഴയപാലം പൊളിച്ചുനീക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. കായലിന് കുറുകെ അഞ്ചുതെങ്ങ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ഗതാഗതം നിരോധിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
കാലപ്പഴക്കവും ബലക്ഷയവും കണക്കിലെടുത്ത് വർഷങ്ങൾക്ക് മുമ്പുതന്നെ പാലം ഗതാഗതയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെതുടർന്ന് പുതിയ പാലം നിർമിച്ചിരുന്നു.
ജില്ലയിലെ പ്രധാന കായലുകളായ അഞ്ചുതെങ്ങ് കഠിനംകുളം മുരുക്കുംപുഴ കായലുകളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് പദ്ധതിയെ പാലം പൊളിച്ചുനീക്കാത്തത് കാര്യമായി ബാധിച്ചിരിക്കുകയാണ്. പൊക്കം കുറഞ്ഞതും അടുത്തടുത്ത് തൂണുകൾ ഉള്ളതുമായ പാലം ബോട്ടുകൾ കടന്നുപോകുന്നതിന് തടസ്സമാണ്.
ഹെറിറ്റേജ് സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര കടവ് ബോട്ടുജെട്ടി, മുരുക്കുംപുഴ ബോട്ട് ടെർമിനൽ, പൗണ്ട് കടവ് ബോട്ടുജെട്ടി, പണയിൽകടവ് ബോട്ടുജെട്ടി, പുത്തൻ കടവ് ബോട്ടുജെട്ടി, പുളിമൂട്ടിൽ കടവ് ബോട്ടുജെട്ടി എന്നിവയുടെ നിർമാണ പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞെങ്കിലും മീരാൻ കടവ് പഴയ പാലം പൊളിച്ചുനീക്കാതെ കാര്യമില്ല.
പാലം പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി നിരവധി തവണ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ നിവേദനങ്ങളും നൽകിയിട്ടുണ്ട്. നിലംപൊത്താറായ നിലയിലുള്ള പാലം അഞ്ചുതെങ്ങ് കായലിൽ മാലിന്യ നിക്ഷേപത്തിന്റെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.