വഴിതെറ്റിച്ച് സൂചന ബോർഡ്; മാറ്റിസ്ഥാപിക്കാൻ നടപടിയില്ല
text_fieldsആറ്റിങ്ങൽ: ആറ്റിങ്ങലിൽ യാത്രക്കാരെ വഴിതെറ്റിക്കുന്ന സൂചന ബോർഡ് മാറ്റാൻ തയാറാകാതെ അധികൃതർ. പാലസ് റോഡിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ബോർഡ്. ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ പോയാൽ കൊല്ലത്തെത്തില്ല. കടയ്ക്കാവൂർ പഞ്ചായത്തിലാവും എത്തിച്ചേരുക.
വലതുഭാഗത്ത് തിരിയുന്ന സിഗ്നലിന് പകരമാണ് നേരേയുള്ള ചിഹ്നം കൊടുത്തിരിക്കുന്നത്. നേരെ പോകേണ്ട കടയ്ക്കാവൂരിന് ഇടതോട്ട് പോകണമെന്നാണ് ബോർഡിൽ. ഇതുവഴി പോയാൽ ചിറയിൻകീഴെത്തും. ദേശീയപാതയിലെ വൺവേ വഴി കടന്നുവരുന്ന വാഹനങ്ങൾ ഈ ബോർഡ് നോക്കി യാത്ര തുടർന്നാൽ പെട്ടതുതന്നെ. ബോർഡ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തെറ്റ് കണ്ടെത്തി തിരുത്താൻ ബന്ധപ്പെട്ടവർ മടിക്കുകയാണ്.
ദീർഘദൂര യാത്രക്കാരായ നിരവധിപേർ ബോർഡ് അനുസരിച്ച് യാത്ര ചെയ്ത് വഴിതെറ്റിയിട്ടുണ്ട്. കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളാണ് വഴിമാറി കടയ്ക്കാവൂർ മണനാക്ക് ഭാഗങ്ങളിൽ എത്തുന്നത്. തുടർന്ന് നാട്ടുകാരോട് വഴി ചോദിച്ച് ആലംകോട് വരെ യാത്ര ചെയ്ത് ദേശീയപാതയിൽകയറി കൊല്ലം ഭാഗത്തേക്ക് പോകുകയാണ്. ബോർഡ് സ്ഥാപിച്ച സ്ഥലം മാറിയതാണ് ആശയക്കുഴപ്പത്തിന് കാരണം. നിലവിൽ ബോർഡുള്ള സ്ഥലത്തുനിന്ന് മാറ്റി ടൗൺ യു.പി.എസ് ജങ്ഷന് മുമ്പ് സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.