മോദിയുടെ വാക്കിന് പഴയ ചാക്കിന്റെ വില -വി.ഡി.സതീശൻ
text_fieldsആറ്റിങ്ങൽ: മോദിയുടെ വാക്കിന് പഴയ ചാക്കിന്റെ വിലയാണ്, എന്നിട്ടിപ്പോൾ വീണ്ടും മോദിയുടെ ഗാരൻറി എന്ന് പറഞ്ഞു വരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2014 ന് മുമ്പും മോദിയുടെ ഗാരൻറി ഉണ്ടായിരുന്നു. പാചകവാതകവില കുറയ്ക്കുമെന്ന് പറഞ്ഞു, 400 രൂപ ആയിരുന്ന പാചകവാതകത്തിന് 300 ശതമാനം വർധനയാണ് തുടർന്നുണ്ടായത്. പെട്രോൾ വില കുറയ്ക്കുമെന്ന് പറഞ്ഞു, അതും വർധിച്ചതേ ഉള്ളൂ. അധികാരത്തിൽ വന്നാൽ വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങൾക്ക് വീതിച്ച് നൽകുമെന്ന് പറഞ്ഞു, അതും നടന്നില്ല. തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് കഴിഞ്ഞ അഞ്ചുവർഷം ഉണ്ടായത്. കർഷക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു, അതും പാലിച്ചില്ലെന്നും സതീശൻ പറഞ്ഞു.
ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് വ്യവസായികൾക്ക് മാത്രമാണ് നേട്ടം. അദാനിയുടെ ആസ്തി 1000 ഇരട്ടിയിൽ അധികം വർധിച്ചു. കോർപറേറ്റുകൾക്കുവേണ്ടി നെഹ്റു മുതൽ ഉണ്ടാക്കിയ പൊതുമുതലാണ് വിറ്റു തുലയ്ക്കുന്നത്.
അവിടെ ഫാഷിസമാണെങ്കിൽ അതിന്റെ മറ്റൊരു പതിപ്പാണ് കേരളം ഭരിക്കുന്നത്. ലാവലിൻ കേസിൽ ധാരണയാണ്. അതിനാലാണ് സി.ബി.ഐ വക്കീൽ ഹാജരാകാത്തത്. വെല്ലുവിളിക്കുന്നു, മാസപ്പടി വിവാദത്തിൽ ഉന്നയിച്ച അഞ്ചു ചോദ്യങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ മറുപടി പറയൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കരകുളം കൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. എൻ. പീതാംബരക്കുറുപ്പ്, സി.പി. ജോൺ, ഷിബു ബേബിജോൺ, വർക്കല കഹാർ, ശരത് ചന്ദ്ര പ്രസാദ്, വി.എസ്. ശിവകുമാർ, ഷംസുദ്ദീൻ എം.എൽ.എ, ശക്തൻ നാടാർ, പാലോട് രവി, അടൂർ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.