ആറ്റിങ്ങൽ പട്ടണത്തെ ശുചീകരിക്കാൻ നഗരസഭ
text_fieldsആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തെ സമ്പൂർണ ശുചീകരണം നടത്തി സൗന്ദര്യവത്കരിക്കാൻ നഗരസഭ. ഓണത്തിന് മുന്നോടിയായാണ് ബൃഹ്ത്തായ ശുചീകരണം നഗരത്തിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മാമം മുതൽ ആലംകോട് കൊച്ചുവിളവരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും ശുചീകരിച്ച് മാലിന്യമുക്തമാക്കും. ഇതിനായി തയാറാക്കിയ മെഗാ ശുചീകരണ പദ്ധതിയിൽ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, വിവിധ സംഘടനകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരടക്കം സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും അണിനിരത്തി പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരാതിർത്തിയിലെ എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയെ അഞ്ചായി തിരിച്ചാണ് സമ്പൂർണ ശുചീകരണം നടത്തുന്നത്. മാമം മുതൽ കിഴക്കേനാലുമുക്ക് വരെയും ടൗൺഹാൾ, പൂവമ്പാറ, ആലംകോട്, കൊച്ചുവിളവരെയും അഞ്ചായി തിരിച്ചാണ് മെഗാ ശുചീകരണ പദ്ധതി നടപ്പാക്കുന്നത്. മെഗാ ശുചീകരണത്തിന് ശേഷവും ദേശീയപാതയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയാൽ അതിന്റെ ഉറവിടം കണ്ടെത്തി ശിക്ഷണ നടപടി സ്വീകരിക്കും. ദേശീയപാത കഴിഞ്ഞാൽ നഗരസഭാതിർത്തിയിലെ ഉപറോഡുകളിലേക്ക് ശുചീകരണം വ്യാപിപ്പിച്ച് സമ്പൂർണ ശുചിത്വ നഗരമാക്കാനാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. മെഗാ ശുചീകരണ ഉദ്ഘാടനം 22ന് രാവിലെ എട്ടിന് മാമത്ത് ഒ.എസ്. അംബിക എം.എൽ.എ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.