മുതലപ്പൊഴി: മുന്നണികൾ മത്സരത്തിൽ രാഷ്ട്രീയം എന്തായാലും വേണ്ടത് പരിഹാരം
text_fieldsആറ്റിങ്ങൽ: മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയ അവസരം തേടി മുന്നണികൾ. നിലവിലെ ബഹളം പാർലമെൻറ് തെരഞ്ഞെടുപ്പിനപ്പുറം യാഥാർഥ്യത്തിലേക്ക് നീങ്ങുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മത്സ്യ മേഖല. മുതലപ്പൊഴിയിൽ നിലവിലെ അപകടത്തെ തുടർന്ന് മൂന്ന് മുന്നണികളും സജീവമായി ഇടപെടുകയും നേരിട്ടെത്തി സാന്നിധ്യമറിയിക്കുകയും ചെയ്യുന്നുണ്ട്.
ബി.ജെ.പി കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിലും എൽ.ഡി.എഫ് സംസ്ഥാന ഭരണ സംവിധാനത്തിലൂടെയുമാണ് വിഷയത്തിൽ ഇടപെടുന്നത്. ഭരണ രംഗത്തില്ലാത്ത യു.ഡി.എഫ് സമരത്തിലൂടെ സജീവമായി രംഗത്തുണ്ട്. സമീപ കാല സംഭവങ്ങളിൽനിന്ന് വ്യത്യസ്തമായി മൂന്ന് മുന്നണികളും സജീവമായി ഇടപെടുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പിലുണ്ടാകാൻ സാധ്യതയുള്ള വോട്ട് ഏകീകരണം കാരണമാണ്.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം സമരം സൃഷ്ട്ടിച്ച പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് വരുന്നതാണ് മുതലപ്പൊഴിയും. വിഴിഞ്ഞം ഒത്തുതീർപ്പ് ചർച്ചകളിൽ മുതലപ്പൊഴി വിഷയവും ഉൾപ്പെട്ടിരുന്നു. ഒടുവിൽനടന്ന അപകടദിവസം തിരച്ചിൽ സംവിധാനങ്ങൾ ഉറപ്പുവരുത്തിയശേഷമാണ് മൂന്ന് മന്ത്രിമാർ ഒന്നിച്ച് സ്ഥലത്തെത്തിയത്. എന്നാൽ, ഫാ. യൂജിൻ പെരേരയുമായുണ്ടായ വാക്കേറ്റത്തിൽ തീരത്ത് എൽ.ഡി.എഫിനെതിരായ വികാരം രൂപപ്പെട്ടു. അത് ശമിപ്പിക്കാൻ കഴിഞ്ഞദിവസം ഫിഷറീസ് മന്ത്രി സജി ചെറിയാനെ രംഗത്തിറക്കി.
അപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രി സന്ദർശിക്കുകയും മുഖ്യമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് പരിഹാര നിർദേശങ്ങൾ കണ്ടെത്തി നടപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിതല ചർച്ചകൾക്കുശേഷം തിങ്കളാഴ്ച മരിച്ചവരുടെ കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചത്.
ബി.ജെ.പി ഈ വിഷയത്തിൽ പ്രത്യക്ഷ ഇടപെടൽ കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിൽ നടത്തുന്നത് തിരിച്ചറിഞ്ഞാണ് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കൂടുതൽ സജീവമായി വിഷയത്തെ സമീപിച്ചത്.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ബി.ജെ.പിക്കുവേണ്ടി മത്സരിക്കാൻ തയാറെടുക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് വിഷയത്തിൽ ഇടപെടുന്നത്. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം കൊടുക്കുകയും പഠന സംഘത്തെ നിയോഗിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ദിവസങ്ങൾക്കുള്ളിൽ തന്നെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പഠനസംഘവുമായി മന്ത്രി ഹാർബറിലെത്തി. തന്റെ ഇടപെടൽ ഓരോന്നായി ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കുകയും ചെയ്തു. ഫാ. യൂജിൻ പെരേരയുമായി സംസ്ഥാന മന്ത്രിമാർ നടത്തിയ തർക്കത്തെ തുടർന്ന് ഇടതുപക്ഷത്തിനെതിരായുണ്ടായ തീരദേശ ജനതയുടെ വികാരം സാധാരണഗതിയിൽ യു.ഡി.എഫിന് അനുകൂലമായാണ് മാറേണ്ടത്.
എന്നാൽ, ഇവിടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ട് ഇടത് വിരുദ്ധത ബി.ജെ.പിക്ക് അനുകൂലമാകുന്ന സാഹചര്യമുണ്ടാക്കി. ഫാ. യൂജിൻ പെരേരയുടെ ഒരു പ്രസ്താവനയും ബി.ജെ.പിക്ക് അനുകൂലമായി വന്നു.
ആദ്യ ഘട്ടത്തിൽ മത്സ്യത്തൊഴിലാളി സമരങ്ങളെ പിന്തുണച്ച് നിന്ന യു.ഡി.എഫ് നേരിട്ട് സമരം പ്രഖ്യാപിച്ചത് അടിയൊഴുക്ക് സാധ്യതകൂടി പരിഗണിച്ചാണ്. നിലവിലെ എം.പി അടൂർ പ്രകാശിനെ തന്നെ മുന്നിൽ നിർത്തിയാണ് യു.ഡി.എഫ് സമരം. ചൊവ്വാഴ്ച മുതലപ്പൊഴിയിൽ നിരാഹാര സമരം നടക്കും. പ്രശ്നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയാണ് സമരം. ഈ വിഷയത്തിൽ അടൂർ പ്രകാശ് എം.പി ആദ്യം മുതൽ പാർലമെൻറിനകത്തും പുറത്തും നടത്തിയ ഇടപെടലുകൾ ഓരോന്നായി ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കുന്നുണ്ട്.
മുന്നണികളുടെ രാഷ്ട്രീയ മത്സരം ഈ വിഷയത്തിലുണ്ടായത് ഗൗരവ നടപടികൾക്ക് കാരണമായേക്കും. എങ്കിലും തീരുമാനങ്ങൾ പാർലമെൻറ് തെരഞ്ഞെടുപ്പിനപ്പുറം യാഥാർഥ്യത്തിലേക്ക് നീങ്ങുമോയെന്ന കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും ആശങ്കയുണ്ട്. ഇതേ വിഷയത്തിൽ മുൻ കാലങ്ങളിലുണ്ടായ പല പ്രഖ്യാപനങ്ങളും ഇതിനുദാഹരണമാണ്.
അടുത്ത ദുരന്തമുണ്ടാകുമ്പോൾ മാത്രമാണ് ഈ പ്രശ്നം വീണ്ടും പരിഗണിക്കപ്പെടുന്നത്. രാഷ്ട്രീയം എന്തായാലും വിഷയത്തിൽ ശാശ്വത പരിഹാരം മതിയെന്നാണ് തീരവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.