ജോലിയുമില്ല, കൂലിയുമില്ല; കരകയറാതെ കയർതൊഴിലാളികൾ
text_fieldsആറ്റിങ്ങൽ: ജില്ലയുടെ തീരമേഖലയുടെ പ്രൗഢി ആയിരുന്നു ഒരുകാലത്ത് കയർ മേഖല. ഇതിലെ സ്വകാര്യ സംരംഭകരായിരുന്നു അറിയപ്പെടുന്ന മുതലാളിമാർ. സാധാരണക്കാരന്റെ വീട്ടുമുറ്റത്തും സംരംഭകരുടെ പറമ്പുകളിലും സഹകരണ സംഘങ്ങളിലും കയർ പിരിക്കുന്ന കാഴ്ചകൾ ആയിരുന്നു എങ്ങും. ഇതെല്ലാം ഇന്ന് ചരിത്രം മാത്രം. ജോലിയും ഇല്ല കൂലിയും ഇല്ല, ജോലി ചെയ്താൽ ഉൽപന്നം വിറ്റുപോകുന്നുമില്ല. ഇതാണ് നിലവിലെ ജില്ലയിലെ കയർമേഖലയിലെ അവസ്ഥ.
വർക്കല ഇടവ, മണമ്പൂർ, വെട്ടൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, അഴൂർ, കഠിനംകുളം, മംഗലപുരം, കോവളം, പാച്ചല്ലൂർ, തിരുവല്ലം, വിഴിഞ്ഞം മേഖലകളിലായി 49 സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയും നാമമാത്രമായി പ്രവർത്തിക്കുന്നവയാണ്. അഴൂർ പെരുങ്ങുഴി, കടയ്ക്കാവൂർ തിനവിള, വർക്കല ചെറുന്നിയൂർ, കോവളം എന്നിവിടങ്ങളിൽ സ്വകാര്യമേഖലയിൽ കയർ തൊഴിൽ അവശേഷിക്കുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഉൽപാദനം നടക്കുന്നത് കഠിനംകുളം അഞ്ചുതെങ്ങ് കായലിന്റെ തീരമേഖലയിലാണ്. അഞ്ചുതെങ്ങ് കയർ എന്ന ഇനം കയർ ഇവിടെ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്നു. അഞ്ചുതെങ്ങ് കയറിന് 76 രൂപ വിലയുള്ളപ്പോൾ തമിഴ്നാട് കയർ 35 രൂപക്ക് ജില്ലയിലെത്തിച്ചുവിൽക്കുന്നു. അതിനാൽ സർക്കാർ സബ്സിഡി കൊടുത്തിട്ടും വിപണി പിടിക്കാൻ കഴിയുന്നില്ല. തമിഴ്നാട്ടിൽ കൂലി കുറവും ഉൽപാദനശേഷി കൂടുതലുമാണ്. തമിഴ്നാട്ടിൽ ആട്ടോമാട്ടിക് സ്പിന്നിങ് മെഷീനിൽ 85 കിലോ കയർ പിരിക്കുന്ന സമയത്ത് കേരളത്തിൽ 60 കിലോ കയർ മാത്രമാണ് പിരിക്കാൻ കഴിയുന്നത്. ഇക്കാരണങ്ങളാൽ തമിഴ്നാട് കയർ വിപണി പിടിക്കുന്നു. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കയറും അനുബന്ധ ഉൽപന്നങ്ങളും ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്.
മിനിമം കൂലി പോലുമില്ലാതെ തൊഴിലാളികൾ
ആറ്റിങ്ങൽ: ഏഴ് വർഷം മുമ്പ് പ്രഖ്യാപിച്ച മിനിമം കൂലി പോലും ലഭിക്കാതെ പ്രതിസന്ധിയിലാണ് കയർത്തൊഴിലാളികൾ. 350 രൂപയാണ് മിനിമം കൂലിയായി അവസാനം സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ 240 രൂപ സംരംഭകർ നൽകണം. 60 രൂപ വരുമാന സ്ഥിരത പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നൽകും. ജില്ലയിൽ വരുമാന സ്ഥിരത പദ്ധതിയിൽ ആനുകൂല്യം പറ്റുന്നവർ 4000 തൊഴിലാളികളാണ്. അഥവാ ജില്ലയിൽ കയർ മേഖലയിൽ അവശേഷിക്കുന്നത് വെറും 4000 സജീവ തൊഴിലാളികൾ മാത്രമാണെന്ന് പറയാം.
കണക്കുകളിൽ കാൽലക്ഷത്തോളംപേർ ജില്ലയിൽ കയർമേഖലയിൽ ഉണ്ടെന്നാണ്. മിനിമം കൂലി നൽകാൻ സഹകരണ സ്ഥാപനം ഉൾപ്പെടെയുള്ള സംരംഭകർക്ക് കഴിയുന്നില്ല. ഇതാണ് കയർ തൊഴിലാളികളുടെ ദുരിതാവസ്ഥ. ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ സംഘങ്ങളിലും കയർഫെഡ് പോലുള്ള സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുകയാണ്.
ഇതിനാൽതന്നെ കയർ സംഘങ്ങൾ ഉൽപാദനം നിർത്തിവെച്ച അവസ്ഥയുമുണ്ട്. ഓണം ഫെസ്റ്റിവൽ അലവൻസ് ഉൾപ്പെടെ അനുവദിക്കുന്നത് പ്രവർത്തനത്തിന്റെയും ഉൽപാദനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഉൽപാദനം നിർത്തിവെക്കുന്നത് തൊഴിലാളികൾക്ക് കൂലി ലഭിക്കാത്തതിനുപുറമെ മറ്റ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകും.
നിലവിൽ അടഞ്ഞുകിടക്കുന്ന സഹകരണ സംഘങ്ങളിൽ 100 ക്വിൻറലിന് താഴെ കയർ ഉൽപാദിപ്പിച്ച സംഘങ്ങളിലെ തൊഴിലാളികൾക്കും ഓണം ഫെസ്റ്റിവൽ അലവൻസിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്നത് മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്വാസം.
കയർ തൊഴിൽ മേഖല നിലനിൽക്കണമെങ്കിൽ പണിയെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് 500 രൂപ എങ്കിലും കൂലി ലഭിക്കണം. ഈ ആവശ്യവുമായി ഭരണകക്ഷി ട്രേഡ് യൂനിയനായ ട്രാവൻകൂർ കയർതൊഴിലാളി യൂനിയൻ സി.ഐ.ടി.യു തന്നെ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ കൂലിപോലും നൽകാൻ കഴിയാത്ത സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംരംഭകർക്ക് വർധിപ്പിച്ച കൂലി നൽകാൻ കഴിയില്ല.
വരുമാനസ്ഥിരത പദ്ധതിയിലെ സർക്കാർ വിഹിതം വർധിപ്പിച്ചുകൊണ്ടുള്ള നടപടി ഉണ്ടായാൽ മാത്രമേ തൊഴിലാളികൾക്ക് ഗുണം ചെയ്യൂ. നിലവിലെ സാമ്പത്തികാവസ്ഥയിൽ സർക്കാർ ഇതിന് തയാറാകുമോ എന്നത് സംശയകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.