വാമനപുരം നദിയിൽ ഓയിലിന്റെ അംശം; പമ്പിങ് മണിക്കൂറുകളോളം നിർത്തി
text_fieldsആറ്റിങ്ങൽ: വാമനപുരം നദിയിൽ ഓയിലിന്റെ അംശമുള്ള മാലിന്യം കണ്ടതിനെ തുടർന്ന് പമ്പിങ് മണിക്കൂറുകളോളം നിർത്തിവെച്ചു. ഞായറാഴ്ച വൈകീട്ട് ആറിനാണ് ആറ്റിങ്ങൽ കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾ ആരംഭിക്കുന്ന അവനവഞ്ചേരി ഗ്രാമത്തുമുക്ക് ആറാട്ടുകടവ് ഭാഗത്ത് നദീ ജലത്തിന് മുകളിൽ എണ്ണപ്പാട കലർന്ന മാലിന്യം ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്.പൂവൻപറയിലെ നദീ തീരത്തെ വർക്ക് ഷോപ്പിൽനിന്നാകും ഓയിൽ നദിയിലെത്തിയതെന്നാണ് സംശയം.
ജലത്തിൽ മാലിന്യം കലർന്നത് സ്ഥിരീകരിച്ചതോടെ, എല്ലാ പമ്പ് ഹൗസുകളിലും പമ്പിങ് അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറ്റിങ്ങൽ ഡിവിഷൻ സെക്ഷൻ ഒന്നിലെ ഓവർസിയർമാരായ ദീപ, അരുൺ, ഹെഡ് ഓപറേറ്റർ സൂപ്പർ വൈസർ സജിത്ത്, ഓപറേറ്റർ രാഗേഷ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. പമ്പ് ഹൗസുകൾ സ്ഥാപിച്ചിരിക്കുന്ന നദിയുടെ വിവിധ ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി ജീവനക്കാർ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെ നടത്തിയ ശേഷം ജലം പരിശോധിച്ച് ഉച്ചക്കുശേഷം പമ്പിങ് പുനഃസ്ഥാപിച്ചു.
കേരള വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ, വർക്കല ഡിവിഷനുകളിലെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത് വാമനപുരം നദിയിൽ നിന്നാണ്.വേനൽച്ചൂട് കടുത്തതോടെ, കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ പൂവൻപാറയിലെ സ്ഥിരം ബണ്ടിന് മുകളിൽ താൽക്കാലിക ബണ്ട് വാട്ടർ അതോറിറ്റി നിർമിച്ചത് കുറച്ചു ദിവസങ്ങൾക്കുമുമ്പാണ്. ഇതോടെ, നദിയിൽ ജലത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.
ബണ്ട് കെട്ടി നീരൊഴുക്ക് തടഞ്ഞിരിക്കുന്നതിനാൽ പൂവൻപാറ പ്രദേശങ്ങളിൽനിന്ന് മാലിന്യം നദിയിലേക്ക് ഒഴുക്കിവിട്ടത് കാറ്റടിച്ച് മുകളിലേക്ക് വന്നതാകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാമനപുരം നദിയിൽ ഇത്തരത്തിൽ മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ പ്രദേശവാസികൾ കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു.
എണ്ണ കലർന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ എസ്. കുമാരിയെയും പൊലീസിനെയും ഉദ്യോഗസ്ഥർ വിവരം അറിയിച്ചിരുന്നു.വാമനപുരം നദിയിൽ ഇത്തരത്തിൽ മാലിന്യമൊഴുകുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥരും പ്രദേശവാസികളും. ജല അതോറിറ്റി ആറ്റിങ്ങൽ പൊലീസിലും നഗരസഭയിലും പരാതി നൽകി. ഇതിന്മേൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.