ആലംകോട് വീടിനുനേരെ പെട്രോൾ ബോംബേറ്; കാർ കത്തി
text_fieldsആറ്റിങ്ങൽ: ആലംകോട് വീട്ടിൽ പെട്രോൾ ബോംബേറ്; കാർ കത്തി, വീട്ടുകാർ അദ്ഭുതകരമായി രക്ഷപെട്ടു. ആറ് മാസത്തിനിടെ വീടിനു നേരെ ഉണ്ടായത് 9 അതിക്രമം. നഗരൂർ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപം.
ആറ്റിങ്ങൽ ആലംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം സഫറുദ്ദീന്റെ ദാറുസലാം വീടാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ആയിരുന്നു സംഭവം. ഉഗ്ര ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കാണുന്നത് വീടിന് മുന്നിൽ തീനാളങ്ങൾ ഉയരുന്നതാണ്.
പോർച്ചിൽ ഉണ്ടായിരുന്ന കാറിന് തീപിടിച്ചു. സഫറുദ്ദീൻ പുറത്തിറങ്ങി തീ കെടുത്തുവാൻ ശ്രമിച്ചതോടെ പൊള്ളലേറ്റു. ആറ്റിങ്ങൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. ഇതിനകം കാർ പൂർണമായി നശിച്ചു. വീടിന് മുൻവശവും തീ പടർന്ന നിലയിലാണ്. ജനൽ, വാതിൽ, വയറിങ്, ലൈറ്റുകൾ എന്നിവ നശിച്ചു. കെട്ടിടത്തന് സ്ഫോടനത്തിൽ ബലക്ഷയം ഉണ്ടായിട്ടുണ്ട്.
അഞ്ച് ലിറ്റർ പെട്രോൾ കൊണ്ടു വന്ന് പകുതി കാറിൽ ഒഴിക്കുകയും ബാക്കി കാറിന് മുകളിൽ വെക്കുകയും ചെയ്ത ശേഷം മാറി നിന്ന് പെട്രോൾ ബോംബ് കത്തിച്ചെറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ വീടിന് നേരെ ആറ് മാസമായി അതിക്രമം തുടരുകയാണ്.
ജൂൺ 23 നായിരുന്നു ആദ്യ ആക്രമണം. രണ്ടാം നിലയിലെ ഗ്ലാസ് എറിഞ്ഞ് തകർത്തു. നഗരൂർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് ശേഷം വീടിന്റെ ചുമരിൽ ചെളി വാരി തേച്ചു. വീണ്ടും പരാതിപ്പെട്ടപ്പോൾ സി.സി ടി.വി സ്ഥാപിക്കാൻ പോലീസ് നിർദേശിച്ചു. തുടർന്ന് സി.സി.ടി.വി നശിപ്പിക്കലായി.
മൂന്ന് തവണ സി.സി.ടി.വി ക്യാമറ നശിപ്പിച്ചു. വീടിന് പുറത്തിരുന്ന സാധനങ്ങൾ തകർത്തും മോഷണ ശ്രമം നടത്തുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല.
ഇതിന് ശേഷം നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രതികളെ കൈയ്യോടെ പിടികൂടി. മൂന്നംഗ സംഘത്തെ പോലീസിന് കൈമാറി. എന്നാൽ പ്രായപൂർത്തിയാകാത്ത കാരണം പറഞ്ഞ് പ്രതികളെ പോലീസ് നിയമ നടപടികളിൽ നിന്ന് ഒഴിവാക്കി. ഇതിന് ശേഷം അതിക്രമം വർധിച്ചു. വീട്ടിൽ കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവവും ഉണ്ടായി. അപ്പോഴും നഗരൂർ പോലീസ് പ്രതികൾക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ആറു മാസത്തിനിടെ നഗരൂർ പോലീസ് സ്റ്റേഷനിൽ ഒൻപത് തവണ പരാതി നൽകിയിരുന്നുവെന്നും എന്നിട്ടും ഒരു നീതിയും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സഫറുദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.