പ്രേംനസീര്‍ സ്മാരക ഓപണ്‍ എയര്‍ ഓഡിറ്റോറിയവും പവലിയനും അപകടാവസ്ഥയില്‍
text_fieldsആറ്റിങ്ങല്‍: പുളിമൂട്ടില്‍കടവ് പ്രേംനസീര്‍ സ്മാരക ഓപണ്‍ എയര്‍ ഓഡിറ്റോറിയവും പവലിയനും അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ അടിത്തറക്കുണ്ടായ ബലക്ഷയമാണ് തകർച്ചക്ക് കാരണം. ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിത്യഹരിത നായകന് പ്രേംനസീറിന്റെ സ്മരണക്കായി ഓഡിറ്റോറിയം നിർമിച്ചത്. ഓഡിറ്റോറിയത്തിന് താഴ് ഭാഗം കെട്ടിയടച്ച് റൂമുകള്‍ ആക്കുകയും ഓഫിസിന് അനുയോജ്യമാക്കുകയും ചെയ്തിരുന്നു. ഇതിനുള്ളിലാണ് ബോട്ട് സർവിസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടത്തിന്റെ അടിത്തറ ഇരുത്തിയതാണ് നിലവിലെ പ്രശ്നം. ഇതുമൂലം ചുമരുകളില്‍ വിള്ളല്‍ വീണു. ചുമരും കോണ്‍ക്രീറ്റ് മേല്‍ക്കൂരയും തമ്മിലുള്ള ബന്ധം വിട്ടു. ഓഫിസിലെ ഗ്ലാസ് ജന്നലുകള്‍ തകര്‍ന്നു. പവലിയന്റെ കൈവരികൾ തൂണുകളില്‍നിന്ന് വിട്ടുമാറി. തറയോടുകൾ ഇളകി. പവലിയന് നദിയിലേക്ക് ചരിഞ്ഞ നിലയിലാണ്. നദിയുടെ സംരക്ഷണഭിത്തിയും തകര്‍ന്നു. അടിയന്തിരമായി സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പൂർണമായി നശിക്കുന്ന അവസ്ഥയിലാണ്.
വാമനപുരം നദീതീരത്താണ് കെട്ടിടവും പവലിയനും സ്ഥിതിചെയ്യുന്നത്. നീരൊഴുക്കിന്റെ ശക്തിയില്‍ തീരത്തെ നിർമാണ പ്രവര്‍ത്തനത്തിനുണ്ടായ ശക്തിക്ഷയം കെട്ടിടത്തെ ബാധിച്ചു. നിര്മ്മിതികളിരിക്കുന്ന ഭാഗത്തെ മണ്ണ് ഒഴുകിപ്പോയതോ താഴ്ന്നതോ ആണ് അപകടാവസ്ഥക്ക് കാരണം.
ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് പവലിയനും ചില്‍ഡ്രന്‍സ് പാര്‍ക്കും നിർമിച്ചത്. കഠിനംകുളം കായലോര വിനോദസഞ്ചാര പദ്ധതിയുടെ പ്രവേശന കവാടമാണ് പുളിമൂട്ടില്‍കടവ്. ടോയ്ലറ്റ് ബ്ലോക്ക് സംരക്ഷണമില്ലാതെ നശിച്ച നിലയിലാണ്. ചിറയിൻകീഴ് ജലോത്സവം മുന്നിൽകണ്ടാണ് ഇവിടെ പവലിയൻ ഒരുക്കിയത്. വർഷങ്ങളായി ജലോത്സവം മുടങ്ങിയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.