സ്വകാര്യ ബസ് ജീവനക്കാർ വയോധികനെ മർദിച്ച് റോഡിലേക്ക് തള്ളി
text_fieldsആറ്റിങ്ങൽ: സ്റ്റോപ്പിൽ നിർത്തവെ ബസിൽനിന്നും ഇറങ്ങാൻ കൂടുതൽ സമയമെടുത്തെന്നാരോപിച്ച് വയോധികനെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് പുറത്തേക്ക് തള്ളി. ആറ്റിങ്ങൽ പച്ചംകുളം സ്വദേശി പ്രസന്നനെ(67)നെ പരിക്കുകളോടെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ചിറയിൻകീഴ് നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന 'ശാർക്കരേശ്വരി അമ്മ' എന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്ന പ്രസന്നന് ഗേൾസ് എച്ച്.എസ് ജങ്ഷൻ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പിൽ ബസ് നിർത്തിയ ഉടൻ ഇറങ്ങാൻ ജീവനക്കാർ പ്രസന്നനോട് ആക്രോശിച്ചു. വയോധികനായതിനാൽ സമയം നൽകണമെന്ന് മറ്റ് യാത്രക്കാർ പറഞ്ഞെങ്കിലും ബസ് ജീവനക്കാർ മോശമായാണ് പ്രതികരിച്ചത്. തുടർന്ന് പ്രസന്നനെ മർദിക്കുകയും ബസിൽനിന്ന് റോഡിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു. പ്രസന്നൻ നിലത്തുവീണതുകണ്ട് ജങ്ഷനിലുണ്ടായിരുന്നവർ എത്തിയപ്പോഴേക്കും ബസ് മുന്നോട്ടെടുത്ത് അമിതവേഗത്തിൽ ഓടിച്ചുപോയി. നാട്ടുകാർ സ്വകാര്യ വാഹനത്തിലാണ് പ്രസന്നനെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
ആശുപത്രിയിലെത്തി പ്രസന്നന്‍റെയും മൊഴിെയടുത്തു. ആറ്റിങ്ങൽ-ചിറയിൻകീഴ് റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം രൂക്ഷമാണ്. യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുക്കുന്നത് പതിവായിട്ടുണ്ട്. പ്രതികരിക്കുന്നവരോട് ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതും നിത്യസംഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.