ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു; കയർ മേഖല പ്രതിസന്ധിയിൽ
text_fieldsആറ്റിങ്ങൽ: വിപണി കണ്ടെത്താൻ കഴിയാതെ കയർ മേഖല കടുത്ത പ്രതിസന്ധിയിൽ. കയർ സംഘങ്ങളിൽ കയറും കയർ ഉൽപന്നങ്ങളും വലിയതോതിൽ കെട്ടിക്കിടക്കുകയാണ്. സംഘങ്ങള്‍ ഉൽപാദിപ്പിക്കുന്ന കയറും കയറുൽപന്നങ്ങളും കയര്‍ഫെഡും കയര്‍ കോര്‍പറേഷനും സംഭരിക്കാന്‍ തയാറാകാത്തതാണ് പ്രശ്നമാവുന്നത്.
കയർ ഫെഡ് സംഭരിച്ചവ അവർക്ക് വിറ്റഴിക്കാൻ കഴിയാതെ അവരുടെ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്. കയര്‍ കോര്‍പറേഷനിലും കയര്‍ സഹകരണ സംഘങ്ങളിലും ഏകദേശം 70 കോടി രൂപയിലധികം വിലയുള്ള കയര്‍ ഉൽപന്നങ്ങള് വിൽക്കാതെയുണ്ട്. കുറഞ്ഞ വിലയ്ക്കാണ് സംഘങ്ങളില്‍നിന്നും കയര്‍ഫെഡ് ഇപ്പോള്‍ കയര്‍ വാങ്ങുന്നത്. ഇത് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
മുന്നോട്ടുപോകാന്‍ കഴിയാത്ത പ്രതിസന്ധി സംഘങ്ങള്‍ നേരിടുകയാണ്. കയര്‍ വില കുറയ്ക്കാന്‍ കയര്‍ഫെഡ് തീരുമാനിച്ചത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് മാത്രമേ അവർ കയർ സംഭരിക്കുന്നുള്ളൂ.
വാങ്ങുന്ന വിലയേക്കാള്‍ വില്പന വിലയില്‍ കുറവുവരുന്ന തുക വില നിയന്ത്രണ ഫണ്ടില്‍നിന്നും നല്കി വില്പന വിലയിലുണ്ടാകുന്ന നഷ്ടം നികത്തുന്ന രീതിയാണ് മുമ്പ് അനുവര്‍ത്തിച്ചുവന്നിരുന്നത്. ഇപ്പോള്‍ അതില്ലാത്തതും പ്രതിസന്ധിക്ക് കാരണമാണ്. പുറംമാര്ക്കറ്റില്നിന്ന് ചകിരി വാങ്ങി കയര്‍ ഉൽപാദിപ്പിച്ചാണ് കയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കയര്‍, കയര്‍ഫെഡ് വാങ്ങാത്തതിനാല്‍ കയര്‍ സംഘങ്ങളുടെ ഗോഡൗണുകളില കയറുകളും കയർ ഉൽപന്നങ്ങളും കെട്ടിക്കിടക്കുകയാണ്.
കയര്‍ത്തൊഴിലാളികള്‍ക്ക് കൂലിയോ ചകിരിവിലയോ നല്കാന് കഴിയാത്ത അവസ്ഥ സഹകരണ സംഘങ്ങള്‍ നേരിടുന്നു. പുറംമാര്ക്കറ്റിനേക്കാള് ഒരു കിലോ ചകിരിക്ക് 5.50 രൂപ വരെ വില കൂട്ടിയാണ് സ്വകാര്യ ചകിരിമില്ലുകാരില്നിന്ന് കയര്‍ഫെഡ് മുഖേന കയര്‍ സംഘങ്ങള്‍ക്ക് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
2019ല്‍ നിശ്ചയിച്ച കൂലിവർധനവിന്റെ ഭാഗമായി ഒരു ക്വിന്റല്‍ കയര്‍ ഉൽപാദിപ്പിക്കുമ്പോള് 750 രൂപ സംഘങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരുന്നതിനാല്‍ സംഘങ്ങളുടെ മൂലധനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കയറിന്റെ സംഭരണവിലയില്‍ ഒരു ക്വിന്റല്‍ കയറിന് 720 മുതല്‍ 1600 രൂപ വരെ കയര്‍ഫെഡ് കുറവ് വരുത്തിയെന്നതാണ് സംഘങ്ങളുടെ പരാതി. കാലാകാലങ്ങളില്‍ ഇവര്‍ക്ക് നല്‍കിവരുന്ന പല ആനുകൂല്യങ്ങളും ഇപ്പോള്‍ നല്‍കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.