മഴയും കാറ്റും: കടൽ പ്രക്ഷുബ്ധം, അഞ്ചുതെങ്ങ് തീരം ആശങ്കയിൽ
text_fieldsആറ്റിങ്ങൽ: മഴയിലും കാറ്റിലും കടൽ പ്രക്ഷുബ്ധം, അഞ്ചുതെങ്ങ് തീരവാസികൾ കടലാക്രമണ ഭീതിയിൽ. ഞായറാഴ്ച മുതൽ അഞ്ചുതെങ്ങ് തീരത്ത് കടൽ പ്രക്ഷുബ്ധമാണ്. താഴമ്പള്ളി, മുഞ്ഞമൂട്, പള്ളിത്തുറ, കോട്ട മേഖലകളിൽ കടൽഭിത്തിക്കും മുകളിലേക്ക് തിര വരുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചക്കുശേഷം കടൽകയറ്റം കൂടിയിട്ടുണ്ട്. മുതലപ്പൊഴി-അഞ്ചുതെങ്ങ് റോഡ് കടലാക്രമണത്തിൽ തകർച്ചാഭീഷണിയിലാണ്. മുഞ്ഞമൂട് പാലത്തിന് സമീപം റോഡ് ടാറിങ് തകർന്നുതുടങ്ങി. തിരയിൽ മണൽ ഒലിച്ചുപോകുന്നത് കാരണം ഇവിടെ റോഡ് സംരക്ഷിക്കാൻ ഇറക്കിയിരുന്ന പാറകൾ കടലിലേക്ക് താഴുകയാണ്.
തിരയുടെ ശക്തി കൂടിയതാണ് അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് എതിർവശത്ത് കടലിൽ തിങ്കളാഴ്ച ബോട്ട് മറിയുന്നതിനും ഒരാൾ മരിക്കുന്നതിനും കാരണമായത്. അന്തരീക്ഷം സുരക്ഷിതമാണെന്ന് വിലയിരുത്തിയാണ് ബാബു ആൻറണിയും സഹപ്രവർത്തകരും തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ വള്ളമിറക്കിയത്.
തിരയുടെ സാധാരണ ഉത്ഭവസ്ഥാനത്തിനും അപ്പുറം സുരക്ഷിതമായി ഇവർ സഞ്ചരിക്കുകയും ചെയ്തു. തുടർന്നാണ് അപ്രതീക്ഷിത തിരയും അപകടവും ഉണ്ടായത്. കടൽ പ്രവചനാതീത സ്വഭാവത്തിൽ ആണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.
നിലവിൽ മുതലപ്പൊഴി മുതൽ നെടുങ്ങണ്ട വരെയുള്ള തീരം ആശങ്കയിലാണ്. ഓരോ വർഷവും ഈ തീരത്ത് നൂറോളം കുടുംബങ്ങളാണ് കടലാക്രമണത്തിൽ ഭവന രഹിതരായി മാറുന്നത്.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം നിർമിച്ചതിന് ശേഷമാണ് തീരത്തിന് ഈ ദുരിതാവസ്ഥ വന്നത്. വലിയ തോതിലുള്ള തീരശോഷണമാണ് അഞ്ചുതെങ്ങ് തീരത്ത് ഉണ്ടാകുന്നത്. ഇതിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. പള്ളിത്തുറ, താഴമ്പള്ളി, മുഞ്ഞമൂട് ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചക്കുശേഷം വീടുകളിൽ വെള്ളം കയറുന്നുണ്ട്.
വേലിയിറക്കത്തോടെ അപകടാവസ്ഥ മാറും എന്ന പ്രതീക്ഷയിലാണ് ഇവർ. മുൻ വർഷങ്ങളിൽ വീടുകളിൽ ഉണ്ടായ കേടുപാടുകൾ പരിഹരിച്ച ഉടൻ ആണ് വീണ്ടും കടലാക്രമണം സജീവം ആകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.