മഴ; വ്യാപക നാശനഷ്ടം
text_fieldsആറ്റിങ്ങൽ: തുടർച്ചയായ മഴയിൽ ആറ്റിങ്ങൽ, കല്ലമ്പലം, ചിറയിൻകീഴ് പ്രദേശത്ത് വ്യാപകമായ നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴുകി വീഴുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കീഴാറ്റിങ്ങൽ ശാസ്താംനട ഓലിക്കുഴി വീട്ടിൽ അജിയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. വീട്ടിൽനിന്ന് കഷ്ടിച്ച് ഒരു മീറ്റർ മാത്രം അകലത്തിലാണ് കിണറുള്ളത്.
അജിയുടെ സഹോദരി അജിതയും ഭർത്താവ് നിജുവും രണ്ടു കുട്ടികളുമാണ് നിലവിൽ വീട്ടിൽ താമസിച്ച് വരുന്നത്. 55 അടിയോളം താഴ്ചയുള്ള കിണറ്റിലെ അടിഭാഗത്ത് 16 റിങ്ങുകളും സ്ഥാപിച്ചിരുന്നു. വെളുപ്പിന് 6.30 ഓടുകൂടി വീട്ടിലുണ്ടായിരുന്ന നിജു വലിയ ശബ്ദംകേട്ട് പുറത്തേക്കിറങ്ങുമ്പോഴാണ് കിണർ ഇടിഞ്ഞ് താഴുന്നത് കണ്ടത്. കിണർ വീടിനോട് ചേർന്ന് ഒരു മീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭാര്യയെയും കുട്ടികളെയും വേഗത്തിൽ വീടിന് പുറത്തിറക്കി. രാവിലെ മുതൽ ഇടിഞ്ഞ് താഴാൻ തുടങ്ങിയ കിണർ ഇപ്പോഴും ഇടിഞ്ഞ് കൊണ്ടിരിക്കുകയുമാണ്. കിണറിൽനിന്ന് വലിയ രീതിയിലുള്ള ശബ്ദവുമുണ്ട്.
ഇടയ്ക്കോട് ഗീതത്തിൽ പ്രസാദിന്റെ വീടും ഇളമ്പ നിർമാല്യത്തിൽ ആനന്ദവല്ലിയുടെ വീടും പ്ലാവ് മരങ്ങൾ വീണു തകർന്നു. ചിറയിൻകീഴ് ആനത്തലവട്ടം മുല്ലക്കൽ ഹൗസിൽ രാജവല്ലിയുടെ വീട് തെങ്ങ് കടപുഴകി തകർന്നു.
കരവാരം നിഷാനിലയത്തില് പ്രകാശിണിയുടെ വീടിന് മുകളില്‍ അക്വേഷ്യ മരം വീണ് നാശനഷ്ടം സംഭവിച്ചു. വെള്ളം കയറി വക്കം അജിത്തിന്റെ വീട് തകര്‍ന്നു. ഇടയ്ക്കോട് താന്നിമൂട്ടില്‍ ബിനുവിന്റെ വീടിന്റെ ഒരുഭാഗം മഴയില്‍ തകര്‍ന്നു. ചിറയിന്‍കീഴ് വലിയകടക്ക് സമീപം ശാര്‍ക്കര റോഡിലേക്ക് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്ന് പാഴ്മരം കടപുഴകി റോഡ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി. ചിറയിൻകീഴ് അഞ്ചുതെങ്ങ് തീരമേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. താഴമ്പള്ളി, പൂത്തുറ, മുഞ്ഞമൂട് ഭാഗങ്ങളിലാണ് കടൽക്ഷോഭം. ഈ മേഖലകളിൽ തിര കരയിലേക്ക് കയറുന്നുണ്ട്.
ആറ്റിങ്ങൽ കൊടുമൺ മീമ്പാട്ട് ക്ഷേത്രത്തിന് സമീപം തേക്കുമരം റോഡിൽ മറിഞ്ഞ് വൈദ്യുതി, ഗതാഗത തടസ്സങ്ങളുണ്ടായി. ദുരന്തസ്ഥലങ്ങളിൽ റവന്യു, പൊലീസ്, അഗ്നിരക്ഷാസേന, ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി രക്ഷാപ്രവർത്തങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.