സ്ഥിരം മത്സരാര്‍ഥികൾ: സി.പി.എം ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
text_fieldsആറ്റിങ്ങല്‍: സ്ഥിരം മത്സരാര്‍ഥികള്‍ക്കെതിരെ സി.പി.എം ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ വേണ്ടപ്പെട്ടവര്‍ക്ക് പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ച് സീറ്റ് നല്‍കുന്നുവെന്ന് ആക്ഷേപം. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറുമായ ആനത്തലവട്ടം ആനന്ദെൻറ സാനിധ്യത്തില്‍ നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങള്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് സി.പി.എം നേതൃത്വം പ്രത്യേകം മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നിരവധി തവണ ഭാരവാഹികള്‍ ആയവര്‍ക്ക് സീറ്റ് അനുവദിക്കാന്‍ പാടില്ല. ഇതിന് വിരുദ്ധമായി സി.പി.എം ജില്ല കമ്മിറ്റി അംഗം ആര്. സുഭാഷിനെ ജില്ല പഞ്ചായത്തിലേക്ക് പരിഗണിക്കുന്നതിനും ഒ.എസ്. അംബികയെയും വേണുഗോപാലന്‍ നായരെയും വീണ്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് തീരുമാനിച്ചതുമാണ് വിമര്‍ശനത്തിന് കാരണമായത്.
ആര്. സുഭാഷ് മൂന്ന് പതിറ്റാണ്ട് കാലമായി ജനപ്രതിനിധിയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ജില്ല പഞ്ചായത്തംഗം, ജില്ല കൗണ്‍സില്‍ അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമുള്ള ചിറയിന്‍കീഴ് മേഖലയില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള നിരവധിപേര്‍ വേറെ ഉണ്ടെങ്കിലും അവരെ എല്ലാം അവഗണിച്ച് ആര്. സുഭാഷിനെ തന്നെ സ്ഥാനാര്‍ഥിയാക്കിയത് നേതാക്കളുടെ ആശ്രിതവത്സലനായതുകൊണ്ടാണെന്നാണ് ആരോപണം ഉയര്‍ന്നത്.
സംസ്ഥാന സെക്രേട്ടറിയറ്റംഗത്തിെൻറ സാന്നിധ്യത്തില്‍ തന്നെ രൂക്ഷ വിമര്‍ശനം കമ്മിറ്റിയില്‍ ഉയര്‍ന്നത് പ്രവര്‍ത്തകരുടെ അമര്‍ഷം വ്യക്തമാക്കുന്നതായിരുന്നു. ഒ.എസ്. അംബികയും സമാന രീതിയില്‍ നിരവധി തവണ ഭാരവാഹിത്തം വഹിച്ചിട്ടുണ്ട്. രണ്ട് തവണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന് ബ്ലോക്ക് ലഭിച്ചാല്‍ ഒ.എസ്. അംബിക പ്രസിഡൻറാവുകയും ചെയ്യും. വേണുഗോപാലന്‍നായര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് വൈസ് പ്രസിഡൻറുമായിരുന്നു.
പുതുമുഖങ്ങള്‍ക്ക് അവസരം നിഷേധിച്ചാണ് മുപ്പത് വര്‍ഷമായി മത്സരരംഗത്തുള്ളവര്‍ക്ക് വീണ്ടും ഇളവ് നല്‍കുന്നതെന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വിജയസാധ്യത പരിഗണിച്ച് ചില സഹകരണ ജീവനക്കാര്‍ക്ക് ഇളവ് ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിക്കപ്പെട്ടിരുന്നു. നേതാക്കളുടെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ഇളവ് അനുവദിക്കുന്നത് സി.പി.എം നയമാണോയെന്ന് വ്യക്തമാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.