കൗമാരകലാമേളക്ക് ആറ്റിങ്ങലൊരുങ്ങി
text_fieldsആറ്റിങ്ങൽ: കൗമാര കലാമേളക്ക്ഒരുക്കം തകൃതി. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആറ്റിങ്ങലിലാണ് തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണരുക. മത്സര വേദിക്കുള്ള പന്തലുകൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണ്. ഒരുദിവസം കൂടി മാത്രമാണ് സംഘാടകർക്ക് മുന്നിലുള്ളത്. ഈ സമയ പരിധിക്കുള്ളിൽ സ്റ്റേജുകൾ പൂർത്തീകരിക്കുക പ്രയാസമാണ്. എങ്കിലും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
കഴിഞ്ഞമാസം 20 മുതൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ നെടുമങ്ങാട് നടത്താൻ തീരുമാനിച്ചിരുന്നതാണ് ജില്ലാ കലോത്സവം. അപ്രതീക്ഷിതമായി വേദി മാറ്റി നിശ്ചയിക്കേണ്ടി വന്നു. വെഞ്ഞാറമൂട് ആലോചിച്ചുവെങ്കിലും സ്ഥല പരിമിതി, ഗതാഗത പ്രശ്നങ്ങൾ പരിഗണിച്ച് മാറ്റി. ശേഷം അവസാന നിമിഷത്തിലാണ് ആറ്റിങ്ങൽ വെച്ച് നടത്താൻ തീരുമാനിച്ചത്. ശേഷം സംഘാടക സമിതി യോഗം വിളിച്ചിട്ട് അതും റദ്ദാക്കി.
ചില വ്യക്തികൾക്ക് അറിയിപ്പ് നൽകിയില്ലെന്ന് പരാതി ഉയർന്നതോടെയാണ് സംഘാടക സമിതി യോഗം മാറ്റി നിശ്ചയിച്ചത്. ആറ്റിങ്ങൽ നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാരാണ് തങ്ങൾക്ക് അറിയിപ്പ് കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചത്. ഇവർക്ക് ഉൾപ്പെടെ അറിയിപ്പ് നൽകി രണ്ടാമത് യോഗം ചേർന്നിട്ടും പകുതി കൗൺസിലർമാർ പോലും പങ്കെടുത്തിരുന്നില്ല. സംഘാടക സമിതി യോഗം വൈകിയതോടെ അനുബന്ധ ഒരുക്കങ്ങളെയും ബാധിച്ചു.
ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ്.എച്ച്.എസ്.എസിൽ വെച്ചാണ് ആറ്റിങ്ങൽ ഉപജില്ല കലോത്സവം നടന്നത്. ഇതിന് ഒരുക്കിയ പന്തലുകൾ പൊളിച്ചു മാറ്റിയിരുന്നില്ല. ജില്ല കലോത്സവത്തിന് വേദി ആയേക്കും എന്ന് സൂചന ഉണ്ടായിരുന്നതിനാൽ പന്തൽ പണിക്കാർ പൊളിക്കുന്നത് വൈകിപ്പിച്ചു. ഈ പന്തലുകളിൽ അലങ്കാര പണികൾ നടക്കുകയാണ്. എന്നാൽ ഊട്ടുപുര ഇത്തവണ പ്രത്യേകം തയാറാക്കേണ്ട അവസ്ഥയാണ്.
ആറ്റിങ്ങലിൽ മുൻ കാലങ്ങളിൽ കലോത്സവം നടന്നപ്പോൾ മുനിസിപ്പൽ ടൗൺ ഹാൾ, അല്ലെങ്കിൽ ദ്വാരക ഓഡിറ്റോറിയം ആണ് ഊട്ടുപുരയായി പ്രവർത്തിച്ചത്. വിവാഹ ഓഡിറ്റോറിയം തന്നെ ഊട്ടുപുരയായി കിട്ടിയിരുന്നതിനാൽ സംഘാടകർക്ക് ഏറെ സഹായകമായിരുന്നു. എന്നാൽ, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ദ്വാരക ഓഡിറ്റോറിയം മുൻ കൂട്ടി ബുക്കിങ് ഉണ്ടായിരുന്നതിനാൽ കലോത്സവത്തിന് ലഭിച്ചില്ല.
മുനിസിപ്പൽ ടൗൺ ഹാൾ നിർമാണ പ്രവർത്തനങ്ങൾക്ക് അടച്ചിട്ടിരിക്കുകയാണ്. അതിനാൽ ഊട്ടുപുര പ്രത്യേകം നിർമിക്കേണ്ട അവസ്ഥ വന്നു. ഗവ. കോളജ് ഗ്രൗണ്ടിലാണ് ഊട്ടുപുര നിർമാണം. ഇതാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. നിരവധി വെല്ലുവിളികളെ നേരിട്ടാണ് ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും ഒരു കലോത്സവം ഒരുങ്ങുന്നത്.
12 ഉപജില്ല, 14 വേദികൾ; മാറ്റുരക്കുന്നത് 6471 വിദ്യാർഥികൾ
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് മുഖ്യവേദിയായി ആണ് ജില്ല കലോത്സവത്തിന് ആറ്റിങ്ങൽ ആതിഥേയത്വം വഹിക്കുന്നത്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ്, ടൗൺ യു.പി.എസ്, ഡി.ഇ.ഓഫിസ്, ഗവ. കോളജ് എന്നിവിടങ്ങളിൽ എല്ലാം വേദികൾ വരും.
14 വേദികളാണ് തീരുമാനിച്ചിട്ടുള്ളത്. ആതിഥേയ വിദ്യാലയമായ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ അഞ്ച് വേദികളും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് വേദികളും ടൗൺ യു.പി.എസിൽ ഒന്നും ഡയറ്റിൽ മൂന്നും ഡി.ഇ.ഓഫിസ് വളപ്പിലും ഗവ. കേളജിലും ഓരോ വേദികളുമാണ് ഒരുക്കുന്നത്.
ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നുള്ള യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 6471 വിദ്യാർഥികളാണ് തങ്ങളുടെ കലാവൈഭവം മത്സര രംഗത്ത് അവതരിപ്പിക്കാനെത്തുന്നത്. അപ്പീലുകൾ പരിഗണിക്കുമ്പോൾ 7000 തികയും.
ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിന്റെ മുൻ ഭാഗത്ത് ഗ്രൗണ്ടിലാണ് പ്രധാന വേദി ഒരുങ്ങുന്നത്. വേദി-2 സ്കൂൾ ഓഡിറ്റോറിയം, വേദി -3 ബാസ്കറ്റ് ബാൾ മൈതാനം, വേദി-4 പ്രധാന ഗേറ്റിനരികിലെ സ്റ്റേജ്, വേദി-5 ലൈബ്രറി ഹാൾ എന്നിവയും ബോയ്സിലെ വേദികളാണ്.
ഗേൾസ് എച്ച്.എസ്.എസിൽ വേദി-6 സ്കൂൾ ഓഡിറ്റോറിയം, വേദി-7 പ്രധാന കെട്ടിടത്തിലെ ഒന്നാം നിലയിലെ ഹാൾ, വേദി-8 സ്കൂൾ മൈതാനം. ഗവ. ടൗൺ യു.പി സ്കൂളിലാണ് ഒമ്പതാം വേദി. ഡയറ്റ് സ്കൂളിൽ വേദി-10 ഓഡിറ്റോറിയം, വേദി 11-സ്കൂൾ മൈതാനം, വേദി-12 പ്രീപ്രൈമറി ഹാൾ. ഡി.ഇ. ഓഫിസിലെ സ്കൗട്ട് ഹാളാണ് 13-ാം വേദി. ഗവ. കോളജ് മൈതാനത്തിലാണ് 14ാം വേദി.
അഞ്ചിന് രാവിലെ ഒമ്പതു മുതൽ രചനാമത്സരങ്ങൾ ഗവ.ജി.എച്ച്.എസ്.എസിലെ പത്ത് ക്ലാസ് മുറികളിലായി നടക്കും. 10 മുതൽ എല്ലാ വേദികളിലും കലാമത്സരങ്ങൾ ആരംഭിക്കുന്ന വിധമാണ് മത്സര ഷെഡ്യൂൾ തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.