ഇടറോഡുകൾ തകർന്നു, ജനം യാത്രാദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: നഗര-ഗ്രാമ ഭേദമെന്യേ ഇടറോഡുകൾ തകർന്നു, ജനം യാത്രാദുരിതത്തിൽ. തുടർച്ചയായ മഴയാണ് ഭൂരിഭാഗം റോഡുകളുടെയും തകർച്ചക്ക് കാരണമായത്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വേഗത്തിൽ തകരുകയാണ്. വയലേലകൾക്ക് സമീപത്ത് കൂടിയുള്ള റോഡുകളാണ് വലിയ രീതിയിൽ തകർന്നത്. മഴപെയ്യുന്നതിനാൽ തകർച്ചയുടെ വ്യാപ്തിയും വർധിച്ചു.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് തകരുന്നതും വ്യാപകമാണ്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ റോഡുകൾക്ക് ഇരുവശവും കുഴിച്ചിട്ടുണ്ട്. പ്രധാന പൈപ്പ് ലൈനുകൾ കടന്നുപോകുന്ന പാതകളിൽ റോഡിന്റെ നേർപകുതി ഭാഗം ടാറിങ് പൊളിച്ച് കുഴിച്ച നിലയിലാണ്. ഇവയിൽ ഭൂരിഭാഗം സ്ഥലത്തും റീടാറിങ് നടത്തിയിട്ടില്ല. ഗവ.ഐ.ടി.ഐയിൽനിന്ന് വെള്ളൂർക്കോണം വഴി കാട്ടുംപുറത്തേക്ക് പോകുന്ന റോഡിൽ ഇത്തരത്തിൽ യാത്രാദുരിതം ഉണ്ട്.
പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാൻ വൈകുന്നതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ടാറും കോൺക്രീറ്റും ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നതാണ് ഈ റോഡ്. റോഡിന്റെ വശം തോണ്ടിക്കുഴിച്ച് ജലജീവൻ മിഷൻ പദ്ധതിപ്രകാരമുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായി. കുഴിനികത്തി മെറ്റൽ നിരത്തിയെങ്കിലും പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറായിട്ടില്ല. വലിയ കയറ്റിറക്കങ്ങളുള്ള റോഡിൽ ഇപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. അപകടങ്ങളും പതിവായിട്ടുണ്ട്. കിഴുവിലം പഞ്ചായത്തിൽ മറ്റുപല ഭാഗങ്ങളിലും ഇതേ പ്രശ്നമുണ്ട്.
റോഡ് കുഴിക്കുന്നതിനുമുമ്പുതന്നെ അറ്റകുറ്റപ്പണികൾക്കാവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജല അതോറിറ്റി അടക്കും. പൈപ്പിടീൽ പൂർത്തിയായാൽ റോഡ് പൂർവസ്ഥിതിയിലാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ധാരാളം കുടുംബങ്ങൾ ദിവസവും ആശ്രയിക്കുന്ന റോഡുകളാണ് ഇവയെല്ലാം. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ സ്കൂൾവാഹനങ്ങൾ കടന്നുവരാൻ മടിക്കുന്നതിനാൽ രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.