നഗരത്തിൽ പട്ടാപ്പകൽ കവർച്ച: അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsആറ്റിങ്ങൽ: പട്ടാപ്പകൽ നടന്ന കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻകോവിലിനുസമീപം ദിൽവീട്ടിൽ സ്വയംപ്രഭ-പത്മനാഭറാവു ദമ്പതികളുടെ വീട്ടിലെ കവർച്ചസംഭവത്തിലാണ് പൊലീസ് വിശദ അന്വേഷണം നടത്തുന്നത്.
ശാസ്ത്രീയ തെളിവ് ശേഖരണത്തിനും സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനക്കുമാണ് പൊലീസ് മുൻതൂക്കം നൽകുന്നത്. ലഭ്യമായ എല്ലാ സി.സി.ടി.വികളിൽ നിന്നുമുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരുകയാണ്. സംശയകരമായ വ്യക്തികളുടെ ചിത്രങ്ങൾ കൂടുതൽ പരിശോധനവിധേയമാക്കുന്നുണ്ട്. നഗരത്തിലെ തിരക്കേറിയ മേഖലയിലാണ് കവർച്ച നടന്ന വീട്. ദേശീയപാതക്കും പാലസ് റോഡിനുമിടയിലുള്ള വീട് റോഡിൽ നിന്നാൽ കാണാം. വീടിന് എതിർവശത്ത് 40 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ കവർച്ച നടക്കുന്ന ദിവസം പ്രത്യേക പൂജകളും ജനത്തിരക്കും ഉണ്ടായിരുന്നു. ഇതിനിടെ വീട്ടിൽ ആളില്ലെന്ന് കൃത്യമായി മനസ്സിലാക്കി കതക് കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്.
വീട്ടിൽ ആളില്ലെന്ന് അറിയാവുന്നവരോ അല്ലെങ്കിൽ അത്തരം സൂചന ലഭിച്ചവരോ ആണ് കവർച്ചക്കുപിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുവരെ പരിശോധിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയിലേക്കുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
എന്നാൽ സംശയകരമായ നിരവധി വ്യക്തികളെ പൊലീസ് ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു വ്യക്തിയുടെ ദൃശ്യം നഗരത്തിലെ മറ്റ് സി.സി.ടി.വികളിൽ എവിടെയൊക്കെ പതിഞ്ഞിട്ടുണ്ടെന്നും പരിശോധിക്കുന്നുണ്ട്. പൊലീസ് നായ്, വിരലടയാള വിദഗ്ധർ എന്നിവരെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. ഇതിൽ നിന്നുള്ള തെളിവുകൾ അവലോകനം ചെയ്ത് വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഇവർ വീട് പൂട്ടിയ ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയത്.
വൈകീട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധയിലാണ് കവർച്ച നടന്ന വിവരം അറിയുന്നത്. ഇതിനോട് സാദൃശ്യമുള്ള ഇതര കവർച്ചക്കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.