അഞ്ചുതെങ്ങിൽ കടൽക്ഷോഭം രൂക്ഷം
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങ് തീരത്ത് കടലാക്രമണം തുടരുന്നു, റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥയിലും തീരത്ത് നിന്നും മണൽ കടത്താനുള്ള ഉദ്യോഗസ്ഥ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം.
അഞ്ചുതെങ്ങ് മാമ്പള്ളി, മുണ്ടുതുറ, മണ്ണാക്കുളം, ചായക്കുടി മേഖലകളിലാണ് കടൽക്ഷോഭം ശക്തമായിട്ടുള്ളത്. നാല് ദിവസമായി അഞ്ചുതെങ്ങ്, ചിറയിൻകീഴ് തീരത്ത് കടൽ പ്രക്ഷുബ്ധമാണ്. മാമ്പള്ളി, മണ്ണക്കുളം മേഖലകളിലാണ് നാശനഷ്ടങ്ങൾ കൂടുതൽ. എന്നാൽ, മറ്റ് മേഖലകളിലും കടൽ പ്രക്ഷുബ്ധമാണ്. ചൊവ്വാഴ്ചയും വിവിധ ഭാഗങ്ങളിൽ തിര കരയിലേക്ക് അടിച്ചുകയറി. അതിനാൽ തീരവാസികൾക്ക് സ്വന്തം വീടുകളിൽ തങ്ങുവാൻ കഴിയുന്നില്ല.
അഞ്ചുതെങ്ങ് കടൽക്ഷോഭ മേഖലകളിൽ റവന്യൂ, പഞ്ചായത്ത് സംഘം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ലൈജുവിെൻറ നേതൃത്വത്തിലാണ് സംഘം സ്ഥലം സന്ദർശിച്ചത്. ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡ്, ഡെപ്യൂട്ടി തഹസിൽദാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പഞ്ചായത്തിലെ നെടുങ്ങണ്ടയിലുള്ള റിലീഫ് കേന്ദ്രത്തിലേക്ക് മാറാൻ ദുരിതബാധിതർ തയാറാകാത്തതിനെ തുടർന്ന് പുനർഗേഹം പദ്ധതിപ്രകാരം നിർമിച്ച് കൈമാറിയ വീടുകളിൽ താമസസൗകര്യം ഒരുക്കാൻ തീരുമാനിച്ചു. ദുരിതബാധിതരായ കുറച്ചാളുകൾ ബന്ധുവീടുകളിൽ കഴിയാൻ താൽര്യം പ്രകടിപ്പിച്ചതായും അധികൃതർ പറഞ്ഞു.
ശക്തമായ കടൽ ക്ഷോഭത്തിൽപെട്ട് വീടുകളോടൊപ്പം മത്സ്യബന്ധന യാനങ്ങൾ സൂക്ഷിക്കുന്ന ഒമ്പത് കൂടുകളും നഷ്ടപ്പെട്ടിരുന്നു. കടലാക്രമണത്തിനിരയായവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്രയുംപെട്ടന്ന് ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി പ്രസിഡന്റ് വി. ലൈജു അറിയിച്ചു.
തീരം കടലെടുക്കുന്നതിനിടെ സമീപതീരത്തുനിന്ന് മണൽ കടത്താൻ അധികൃതർ ശ്രമിച്ചത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ഭാഗത്ത് നിന്നും മണൽ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനാണ് നാല് ദിവസം മുമ്പ് ശ്രമം നടന്നത്.
ഇത് നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. മുതലപ്പൊഴി ഹാർബർ ട്രഡ്ജിങ്ങിെൻറ ഭാഗമായി ശേഖരിച്ചിട്ടുള്ള മണലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിനെ തുടർന്ന് മറ്റ് തീരമേഖലകളിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. നിലവിൽ അഞ്ചുതെങ്ങ് തീരത്ത് തന്നെ വ്യാപകമായ കടൽ കയറ്റമുണ്ട്.
മുതലപ്പൊഴി ഹാർബറിെൻറ നിർമാണത്തിന് പിന്നാലെ വടക്കോട്ടുള്ള താഴമ്പള്ളി, മുഞ്ഞമൂട്, പള്ളിത്തുറ, കോട്ട മേഖലകളിൽ കടൽഷോഭം കാരണം തീരം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം നിർമിച്ചതിന് ശേഷമാണ് തീരത്തിന് ഈ ദുരിതാവസ്ഥ വന്നത്. വലിയ തോതിലുള്ള തീരശോഷണമാണ് താഴംപള്ളി മുതൽ നെടുങ്ങണ്ട വരെയുള്ള തീരത്തുണ്ടാകുന്നത്. ഇതിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. ഇവിടെ തീര സംരക്ഷണത്തിന് ആവശ്യമായ മണലോ പാറയോ ലഭിക്കുന്നില്ല. അതിനിടയിലാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അന്ന് നടപടികൾ നിർത്തിവെച്ചെങ്കിലും ജനങ്ങളുടെ ആശങ്ക വിട്ടുമാറുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.