ദേശീയപാത നിർമാണത്തിന്റെ മറവിൽ വയൽനികത്തൽ വ്യാപകം
text_fieldsആറ്റിങ്ങൽ: ദേശീയപാത നിർമാണത്തിന്റെ മറവിൽ വയൽനികത്തൽ വ്യാപകം. ആറ്റിങ്ങൽ കൊല്ലമ്പുഴ കോട്ടപ്പുറം ഭാഗത്താണ് ബൈപാസ് നിർമാണത്തിന്റെ മറവിൽ സ്വകാര്യവ്യക്തി പട്ടാപ്പകൽ വയൽ മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ നാട്ടുകാർ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് പ്രവർത്തനങ്ങൾ തടഞ്ഞു. ഇതിനുമുമ്പും ഈ വസ്തുഉടമ വയൽ നികത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു.
തോട്ടവാരം മുതൽ ആരംഭിക്കുന്ന ഏക്കർകണക്കിനുള്ള വയൽ കൊല്ലമ്പുഴയിലാണ് അവസാനിക്കുന്നത്. ബൈപാസ് നിർമാണത്തോടെ ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഇതുവഴിയുള്ള റോഡിൽ ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയുണ്ട്.
കൂടാതെ കോട്ടപ്പുറം ഭാഗത്ത് 28 ഓളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. അവരുടെ ഏക ആശ്രയം കൂടിയാണ് ഈറോഡ്. ഇക്കഴിഞ്ഞ മഴയത്ത് മാസങ്ങളോളം റോഡിൽ വെള്ളം കയറിക്കിടന്നതിനാൽ ഈ ഭാഗത്തുള്ള ജനങ്ങളുടെ യാത്രയും തടസ്സപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ട് ഏറെയുള്ള പ്രദേശത്തെ വയൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാർ സംഘടിച്ചത്. ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിന്റെ മറവിൽ വയൽ നികത്തൽ വ്യാപകമാണെന്നും ഇതിനെതിരെ അധികാരികൾക്കും ഉദ്യോഗസ്ഥർക്കും അനങ്ങാപ്പാറനയമാണെന്നും പ്രദേശവാസികൾ പറയുന്നു.
വയൽ നികത്തിയ മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്യാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊലീസും സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലായതിന്റെ മറവിലാണ് വയൽ നികത്തൽ വ്യാപകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.