ഗ്രാമീണ റോഡുകൾ ചളിക്കുഴി; യാത്രക്കാർ ദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ തകർന്നു വെള്ളക്കെട്ടായി. പല റോഡുകളിലും കാൽനടയാത്ര പോലും ദുഷ്കരമാണ്. ചിറയിൻകീഴ്, അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിന് വെട്ടിപ്പൊളിച്ചതോടെയാണ് റോഡുകൾ യാത്രായോഗ്യമല്ലാതായത്.
കുഴിച്ച സ്ഥലം ടാറിങ് നടത്തിയെങ്കിലും തുടർച്ചയായ മഴയിൽ തകർന്നു ചളിക്കുഴിയായി. വക്കം പഞ്ചായത്തിലെ ആങ്ങാവിള വെളിവിളാകം റോഡ് തകർന്നിട്ട് വർഷങ്ങളായി. മുമ്പ് റോഡ് കുഴിച്ച് ഓട നിർമാണവും സ്ലാബ് ഇടലും നടത്തിയിട്ട് ഇവിടെ ടാറിങ് നടത്തിയിരുന്നില്ല.
അതുകാരണം റോഡ് കുണ്ടും കുഴിയും ചളിക്കെട്ടുമായി. വർഷങ്ങൾക്ക് മുമ്പ് റോഡിന്റെ കുറച്ച് ഭാഗം ടാർ ചെയ്തിരുന്ന മെറ്റലുകൾ ഇളകി കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാണ്. ഇളകിക്കിടക്കുന്ന മെറ്റലുകളിൽ തെന്നി ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെടാറുണ്ട്.
വക്കം-നിലയ്ക്കാമുക്ക് റോഡിനെയും ചാവടിമുക്ക്-വെളിവിളാകം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ വരുന്ന ഇടറോഡാണിത്. ദിനംപ്രതി നിരവധി ആളുകൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. നൂറോളം കുടുംബങ്ങൾ റോഡിനിരുവശവുമായി ഇവിടെ താമസിക്കുന്നുണ്ട്. മഴക്കാലമായാൽ ചളിക്കെട്ട് കൂടിയാകുന്നത്തോടെ യാത്ര ഏറെ ദുഷ്കരമാകുന്നു.
റോഡ് പൊളിഞ്ഞു കിടക്കുന്നതുകൊണ്ട് സവാരി വാഹനങ്ങൾ ഇവിടെ വരാറില്ല. ഇത് അസുഖ ബാധിതരെയും വിഷമത്തിലാക്കുന്നു. റോഡിന്റെ ശോച്യാവസ്ഥ ഇവിടെ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ കുട്ടികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
പ്രദേശവാസികൾ നിരവധിതവണ പരാതി നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഈ റോഡിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. റോഡിന്റെ മോശം അവസ്ഥ പരിഹരിച്ച് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.