ഗ്രാമീണ റോഡുകൾ തകർച്ചയിൽ; ദുരിതമായി യാത്ര
text_fieldsആറ്റിങ്ങൽ: ഗ്രാമീണ റോഡുകൾ ഭൂരിഭാഗവും തകർന്നതോടെ ജനം ദുരിതത്തിലായി. ചളി വെള്ളത്തിൽ ചവിട്ടാതെ പോകാൻ കഴിയാത്ത അവസ്ഥയാണ്. ജല ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി എല്ലാ ഗ്രാമീണ റോഡുകളും വെട്ടിപ്പൊളിച്ചിരുന്നു.
പഞ്ചായത്ത് റോഡുകളുടെ വ്യാപക തകർച്ചക്ക് പ്രധാന കാരണവുമിതാണ്. ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞാണ് പ്രാദേശിക ഭരണകൂടങ്ങൾ റോഡ് നിർമാണം ഏറ്റെടുക്കാൻ മടിക്കുന്നത്. ഫണ്ട് ചിലവഴിക്കുന്നത് അല്ലാതെ വരുമാന വർധനവിന് പ്രാദേശിക ഭരണ കൂടങ്ങൾ നടപടി സ്വീകരിക്കുന്നില്ല. ഇത് റോഡ് വികസനം ഉൾപെടെ അടിസ്ഥാന പ്രശ്നങ്ങളെ കാര്യമായി ബാധിക്കുന്നു.
വക്കം മാടൻനട-മരുതൻ വിളാകം റോഡ്
ആറ്റിങ്ങൽ: പൊട്ടിപൊളിഞ്ഞ് അപകടകരമായ കുഴികളും വെള്ളക്കെട്ടുമായി മാടൻനട-മരുതൻ വിളാകം റോഡ് മാറിയിട്ട് വർഷങ്ങൾ കഴിയുന്നു. റോഡിന്റെ ഭൂരിഭാഗവും വക്കം പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. വക്കത്ത് നിന്ന് റയിൽവേ ഗേറ്റിൽ കിടക്കാതെ കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി തീരദേശപാതയിൽ എത്താമെന്നതാണ് മരുതൻവിളാകം റോഡിന്റെ സവിശേഷത.
വക്കത്തെ ഭൂരിഭാഗം റോഡുകളും പൊട്ടിപൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിട്ട് കാലങ്ങളായി. നിരവധി കുടുംബങ്ങൾ റോഡിനിരുവശവും താമസിക്കുന്നുണ്ട്. നിരവധി തവണ പഞ്ചായത്ത് അധികാരികളെ ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലന്ന് പ്രദേശവാസികൾ പറയുന്നു.
ചിറയിൻകീഴ് ശാര്‍ക്കര- പണ്ടകശാല റോഡ്
ചിറയിൻകീഴ്: ശാര്‍ക്കര-പണ്ടകശാല റോഡ് നവീകരണം ആരംഭിച്ചിട്ട് വർഷം കഴിഞ്ഞു. പണി ഇപ്പോഴും പാതി വഴിയിലാണ്. ജില്ല പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിനാണ് കരാര്‍ നല്‍കിയിരുന്നത്. 45 ലക്ഷത്തോളം മുതല്‍ മുടക്കില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്ന റോഡിന്റെ നിർമാണ പ്രവൃത്തികള്‍ വിവിധ കാരണങ്ങളാല്‍ നീണ്ടുപോയത് ഗതാഗതകുരുക്കും ദുരിതവും രൂക്ഷമാക്കി.
ഓട നിർമാണത്തിനുള്ള ഫണ്ട് താമസിച്ചതും ഏകോപനമില്ലായ്മയും റോഡിന്റെ നവീകരണം മൂന്ന് മാസത്തോളം വൈകിച്ചു. ശുചീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഓട കോണ്‍ക്രീറ്റ് ചെയ്ത് ഉയരം കൂട്ടുന്ന പ്രവൃത്തി പൂര്‍ത്തിയായപ്പോൾ, മേൽപാല നിർമാണത്തിനായി ഗതാഗതം ശാർക്കര പണ്ടകശാല റോഡിലേക്ക് വഴി തിരിച്ചു വിട്ടു.
കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഭാഗത്തേയ്ക്കും തിരികെയും സഞ്ചരിക്കേണ്ടവര്ക്കുള്ള ബദല്‍ റോഡായി മാറി. നവീകരണം പൂര് ത്തിയാകാത്തത് ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാക്കി. തകർന്ന റോഡിൽ കൂടി സ്വകാര്യ ബസുകൾ ഉൾപെടെ വലിയ വാഹനങ്ങൾ കൂടി കടന്നു വന്നതോടെ അവസ്ഥ കൂടുതൽ മോശം ആയി. കുറച്ച് ഭാഗം ഇന്റർലോക്ക് ചെയ്തത് ഒഴിച്ചാൽ ബാക്കി പണികൾ അനിശ്ചിതമായി നീളുകയാണ്.
നാവായിക്കുളം നക്രാംകോണം-കുടവൂർ റോഡ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ നക്രാംകോണം-കുടവൂർ റോഡ് തകർന്നു യാത്രയോഗ്യമല്ലാതായി. റോഡിലെ കുഴികൾ നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുകയും ഇരുവശവും കാടുമൂടുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ നാട്ടുകാർ തന്നെ പല ഭാഗത്തും റോഡ് വൃത്തിയാക്കാൻ ഇറങ്ങി.
കാടുകൾ വെട്ടിത്തെളിച്ചെങ്കിലും കുഴികൾ മൂടാൻ കഴിയാത്ത അവസ്ഥയാണ്. ജല ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ്ലൈന് കുഴികളെടുത്തതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം. നിരവധി തവണ പഞ്ചായത്തധികൃതരുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. പ്രദേശവാസികൾ കൂട്ടായി സമരത്തിന് ഒരുങ്ങുകയാണ്.
കടയ്ക്കാവൂർ പെരും കുളം കാവിൽ റോഡ്
ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പെരുംകുളം കാവിൽ റോഡ് തകർന്ന യാത്രയോഗ്യമല്ലാതായി. കടയ്ക്കാവൂർ പഞ്ചായത്തിലെ 14, 15 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നു പോകുന്നതാണ് പാത. ഇരു വാർഡുകളെയും തമ്മിൽ യോചിപ്പിക്കുന്നതും ജനങ്ങൾ ആശ്രയിക്കുന്നതുമായ പാതയാണിത്. കോൺക്രീറ്റും ടാറിങ്ങും ഉൾപ്പെടുന്ന റോഡിൽ ഭൂരിഭാഗവും തകർന്നു.
ജലജീവന്‍ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചതോടെയാണ് റോഡിന് ദുരവസ്ഥ വന്നത്. റോഡിന്റെ പകുതിയോളം ഭാഗം പൈപ്പ് ലെൻ സ്ഥാപിക്കുന്നതിന് വെട്ടി പൊളിച്ചു. ബാക്കി ഭാഗം അടർന്നിറങ്ങി നശിച്ചു. മേഖലയിലേക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സർവീസ് വാഹനങ്ങൾ വരാതെയായി. ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങളുടെ യാത്ര നിരന്തര അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
കരവാരം വാഴോട്ടുകോണം അംഗൻവാടി റോഡ്
ആറ്റിങ്ങൽ: കരവാരം പഞ്ചായത്തിലെ വാഴോട്ടുകോണം അംഗൻവാടി റോഡും യാത്ര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. നിർമിച്ചിട്ട് വർഷങ്ങളായെങ്കിലും ടാറിങ് നടത്തുന്നതിന് പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പലതവണ ജനങ്ങൾ പഞ്ചായത്തിനെയും ഇതര ഭരണ അധികൃതരെയും സമീപിച്ചെങ്കിലും വാഗ്ദാനം നൽകുന്നത് അല്ലാതെ മറ്റൊന്നിനും തയാറായിട്ടില്ല.
വാർഡിലെ പ്രധാന അംഗൻവാടി ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. അംഗൻവാടി കുട്ടികൾ നടന്നു വരവേ റോഡിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവാണന്ന് നാട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വരുന്നതാണ് പാത. ടാറിങ് നടത്താത്തതിനാൽ റോഡിലെ മണ്ണ് ഒലിച്ചു പോകുന്നു. മഴക്കാലത്ത് വലിയ വലിയ കുഴികൾ പലഭാഗത്തായി രൂപപ്പെടുകയും കൂടുതൽ അപകടാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
മണമ്പൂർ പറങ്കിമാംവിള പുത്തൻകോട് റോഡ്
മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പറങ്കിമാംവിള പുത്തൻകോട് റോഡ് പലഭാഗത്തായി മഴവെള്ളം കെട്ടി നിന്ന് തകർന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിന് ഓട നിർമിച്ചിട്ടില്ല. റോഡിന്റെ ഇരുഭാഗത്തുമുള്ള വസ്തു ഉടമകൾ മതിൽകെട്ടി ഉയർത്തിയതോടെ മഴവെള്ളം ഒഴുകി പോകാൻ വഴിയില്ലാതായത്.
മാസങ്ങളോളം മഴവെള്ളം കെട്ടിനിന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. റോഡിൽ നേരത്തെ സ്ഥിരം വെള്ളകെട്ട് ഉണ്ടായിരുന്ന കുറച്ച് ഭാഗം ഇന്റർലോക്ക് പാകിയിരുന്നു. ഇത് ടാറിങ്ങിൽ നിന്ന് ഉയർന്ന നിലയിലായതിനാൽ ഇരുവശവും വെള്ളകെട്ടായി മാറി. റോഡിൽ സ്ഥിരം വെള്ളകെട്ട് ഉണ്ടാകുന്ന എല്ലാ സ്ഥലത്തും ഇന്റർലോക്ക് പാകി റോഡ് പുനുദ്ധാരണം നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.