വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും -മന്ത്രി ശിവൻകുട്ടി
text_fieldsആറ്റിങ്ങൽ: ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ലയം 2022ന്റെ സംസ്ഥാനതല ഉദ്ഘാടനം മംഗലാപുരം ഇടവിളാകാം ജി.യു.പി.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ തെറപ്പി സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ ഊർജിതമാക്കും.
എല്ലാ വിഭാഗങ്ങളിലുംപെട്ട കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കണ്ടെത്തി കുട്ടികളുടെ മികവുകൾക്ക് പിന്തുണ നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സമഗ്ര ശിക്ഷ കേരളയുടെ ഉൾച്ചേർന്ന വിദ്യാഭ്യാസമെന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സിയിൽ നിന്നുള്ള 25 ഭിന്നശേഷിക്കാരായ കുട്ടികളെയും അഞ്ച് സാധാരണ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തുക.
ഭിന്നശേഷി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കിടപ്പിലായ കുട്ടികൾ. സ്കൂളും ബാഹ്യലോകവുമായി ഇടപെടാനുള്ള സാഹചര്യം കുറവായ ഈ വിഭാഗം കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായാണ് ഈ സഹവാസക്യാമ്പ് തയാറാക്കിയിരിക്കുന്നതെന്നും ഭിന്നശേഷി മേഖലയിൽ സർക്കാർ ലക്ഷ്യമിടുന്ന വലിയ മുന്നേറ്റത്തിെൻറ ഭാഗമാണ് ഇത്തരം ഇടപെടലുകളെന്നും മന്ത്രി പറഞ്ഞു.
വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ എം. ജലീൽ, മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം, വാർഡ് മെംബർ കവിത, സ്റ്റേറ്റ് പ്രോജക്ട് ഓഫിസർ എസ്.വൈ. ഷൂജ, വിദ്യാഭ്യാസ ജില്ല ഉപ ഡയറക്ടർ എസ്. സന്തോഷ് കുമാർ, ജില്ല പ്രോജക്ട് ഓഫിസർ ടി.എൽ. രശ്മി, എ.ഇ.ഒ എ. ഷീജ, കണിയാപുരം ബി.പി.സി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, എച്ച്.എം എം.എൽ. രേണുക എന്നിവർ സംസാരിച്ചു.
എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.ആർ. സുപ്രിയ സ്വാഗതവും എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ശ്രീകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.