കടൽക്ഷോഭം; അപകടമേഖലയായി അഞ്ചുതെങ്ങ്
text_fieldsആറ്റിങ്ങല്‍: കടല്‍ക്ഷോഭം രൂക്ഷമായതോടെ അഞ്ചുതെങ്ങ് തീരം വീണ്ടും അപകട മേഖലയാകുന്നു. ബുധനാഴ്ച രണ്ട് ബോട്ടപകടങ്ങളാണുണ്ടായത്.മുതലപ്പൊഴിയിലും അഞ്ചുതെങ്ങ് തീരത്തുമായാണ് അപകടം നടന്നത്. മുതലപ്പൊഴിയില്‍ ഉച്ചക്ക് പന്ത്രണ്ടോടെയാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. ക്രിസ്റ്റഫറുടെ ഉടമസ്ഥതയിലുള്ള പ്രജാപതി എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ച മത്സ്യബന്ധനത്തിനു പോയ ഇവര്‍ ഉച്ചക്ക് പന്ത്രണ്ടോടെ മടങ്ങിയെത്തവെയാണ് അപകടം. തിര ശക്തമായിരുന്നതിനാല്‍ ഇവര്‍ക്ക് പൊഴിമുഖത്തേക്ക് കയറാന്‍ കഴിയാതെ പ്രയാസപ്പെട്ടു.
തിര കുറഞ്ഞപ്പോള്‍ കരയിലേക്ക് കയറി. എന്നാല്‍, അപ്രതീക്ഷിതമായി വലിയ തിര ഉണ്ടാകുകയും ബോട്ട് മറിയുകയും ചെയ്തു. പുലിമുട്ടില്‍ നിന്ന് 50 മീറ്ററിനുള്ളിലാണ് അപകടം നടന്നത്. ഇതില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം നീന്തി കരയില്‍ കയറി. ഉടന്‍ തന്നെ മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.
രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ചുതെങ്ങ് തീരത്തായാണ് അടുത്ത അപകടം. ഇതില്‍ മൂന്നുപേരെ കടലില്‍ കാണാതാകുകയും ബോട്ടിന് സാരമായ കേടുപാടുണ്ടാകുകയും ചെയ്തു. കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. വള്ളവും വലയും ഉള്‍പ്പെടെയുള്ള മത്സ്യബന്ധനോപകരണങ്ങളും നശിച്ചു. ശക്തമായ കാറ്റും മഴയും കാരണം ഇൗ മേഖലയിൽ കടല്‍ പ്രക്ഷുബ്ധമാണ്.
തുടര്‍ച്ചയായി ഉണ്ടാകുന്ന ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികള്‍ക്കുപോലും സാധിക്കുന്നില്ല.കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കുശേഷം അടുത്ത ദിവസങ്ങളിലാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധനാനുമതി ലഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവന് പണയപ്പെടുത്തി ജോലിക്ക് പോകാന്‍ ഇവര്‍ തയാറാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.