പൊതുശൗചാലയത്തിൽനിന്ന് മലിനജലം റോഡിലേക്കൊഴുകുന്നു
text_fieldsആറ്റിങ്ങൽ: നഗരസഭ പൊതുശൗചാലയത്തിൽനിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ മലിനജലം റോഡിലേക്കൊഴുകുന്നു. മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാലസ് റോഡിലേക്കാണ് മലിനജലം ഒഴുകിയിറങ്ങുന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ബഹുനില പൊതുശൗചാലയത്തിൽനിന്നാണ് മതിൽക്കെട്ടിന് ഇടയിലൂടെ മാലിന്യം പുറത്തുവരുന്നത്. നടപ്പാതയിലൂടെ ഒഴുകി റോഡിലേക്കിറങ്ങുകയാണ്.
പലപ്പോഴും റോഡിൽ ഈ ഭാഗത്ത് മലിനജലം കെട്ടിനിൽക്കും. രാവിലെ മുതൽ ശൗചാലയം അടക്കും വരെ ഇതു തുടരും. മഴപെയ്താൽ മാലിന്യം ഒഴുകിപ്പരക്കും. രൂക്ഷമായ ദുർഗന്ധമാണ് ഈ ഭാഗത്ത്. ഓരോ ദിവസവും വിദ്യാർഥികളും പൊതുജനവും ഉൾപ്പെടെ പതിനായിരങ്ങളാണ് ഈ നടപ്പാതയിലൂടെ കടന്നുപോകുന്നത്. ഭൂരിഭാഗം പേരും മലിനജലത്തിൽ ചവിട്ടിയാണ് കടന്നുപോകുന്നത്.
ബസ്സ്റ്റാൻഡിൽനിന്നു പുറത്തേക്കുള്ള പാതയായതിനാൽ കാൽനട യാത്രക്കാർ ഏറ്റവും കൂടുതൽ കടന്നുപോകുന്നതും ഇതുവഴിയാണ്. ബേക്കറിയും ഹോട്ടലും ഉൾപ്പെടെയുള്ള ഭക്ഷണശാലകളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇതിനടുത്തായുണ്ട്. നിലവിൽ മലിന ജലം പൊട്ടി ഒഴുകുന്ന സ്ഥലത്ത് നേരത്തേ നിരവധി തെരുവു കച്ചവടക്കാർ ഉപജീവനം നടത്തിയിരുന്നു. സ്ഥിരമായി ശൗചാലയത്തിൽ നിന്നുള്ള മലിനജലം ഇതുവഴി പുറത്തുവരാൻ തുടങ്ങിയ ശേഷം തെരുവുകച്ചവടക്കാർ പുതിയ സ്ഥലം തേടി പോയി.
മാസങ്ങളായി ഈ അവസ്ഥ ഇവിടെ തുടരുന്നുണ്ട്. നാട്ടുകാരും കച്ചവടക്കാരും വഴി യാത്രികരും ഉൾപ്പെടെയുള്ളവർ പരാതി പറയുമ്പോൾ നഗരസഭ ഇടപെടുകയും താൽക്കാലിക അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയ അവസ്ഥയിൽ എത്തും.
ആറ്റിങ്ങൽ നഗരത്തിൽ പ്രവർത്തിക്കുന്ന ഏക പൊതു ശൗചാലയമാണിത്. അതിനാൽതന്നെ വലിയ തിരക്കാണ് ഇവിടെയുള്ളത്. നിർമാണത്തിലെ അശാസ്ത്രീയതയും അലംഭാവവുമാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്. നിലവിലെ ആവശ്യകത ഉൾക്കൊള്ളാൻ ഈ ശൗചാലയത്തിന് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.