പെൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം തടവ്
text_fieldsആറ്റിങ്ങൽ: പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ 42 വയസ്സുകാരന് മൂന്ന് വർഷം തടവും 50000 രൂപ പിഴയും ശിക്ഷ. വർക്കല സ്വദേശി സുനിലിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് സി.ആർ. ബിജു കുമാർ ശിക്ഷ വിധിച്ച് ഉത്തരവിട്ടത്.
2018 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയുടെ ശരീരത്ത് സ്പർശിച്ച് ലൈംഗികാതിക്രമം നടത്തി. പെൺകുട്ടി ഭയന്ന് നിലവിളിച്ചപ്പോൾ സമീപവാസി ഓടിയെത്തി. ഈ സമയം പ്രതി കടന്നുകളഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
മറ്റൊരു കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി കഴിഞ്ഞു വരവേയാണ് പ്രതി പെൺകുട്ടിയോട് ഇത്തരത്തിൽ അതിക്രമം കാണിച്ചത്. ആദ്യ കേസിൽ ശിക്ഷാ തടവുകാരനായി കഴിഞ്ഞ് വരവേയാണ് 2018ൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയാക്കപ്പെട്ട് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ പൊതു സ്ഥലത്ത് വെച്ചുള്ള ലൈംഗികാതിക്രമ കുറ്റം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കണ്ട കോടതി, മൂന്ന് വർഷം കഠിനതടവ് ശിക്ഷയായി അനുഭവിക്കണമെന്നും 50000 രൂപ പിഴത്തുകയായി കെട്ടിവെക്കണമെന്നും ഉത്തരവിട്ടു.
പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ 40000 രൂപ അതിജീവിതക്ക് നൽകണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ പ്രതി രണ്ട് മാസം തടവ് അധികമായി അനുഭവിക്കണം. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവുണ്ടാകുമെന്നും ഉത്തരവുണ്ട്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന തൻസീം അബ്ദുൽ സമദാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹ്സിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.