ശാർക്കര പൊങ്കാല; ഒരുക്കം വിലയിരുത്തി, നിയന്ത്രണങ്ങളിൽ തീരുമാനം
text_fieldsആറ്റിങ്ങൽ: അടുത്ത തിങ്കളാഴ്ച നടക്കുന്ന ശാർക്കര പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കം വി. ശശി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തി. നിയന്ത്രണങ്ങളിൽ തീരുമാനമായി. ഇത്തവണ ശാർക്കര പണ്ടകശാല റോഡിൽ പൊങ്കാല അടുപ്പുകൂട്ടുന്നത് ഒഴിവാക്കും. പകരം ശാർക്കര യു.പി സ്കൂൾ, മലയാളം പള്ളിക്കൂടം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കും.
പൊങ്കാലയോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യസാധനങ്ങൾ, കുടിവെള്ളം വിതരണം ചെയ്യുന്നതിന് ദേവസ്വം ബോർഡിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും അനുമതി മുൻകൂട്ടി വാങ്ങണം. പ്ലാസ്റ്റിക് ഗ്ലാസുകൾ പാത്രങ്ങൾ എന്നിവ ഒഴിവാക്കി ഹരിത പ്രോട്ടോകോൾ പാലിക്കണം. ശാർക്കര-വലിയകട റോഡിൽ ഒരുവശം ചേർന്ന് മാത്രം പൊങ്കാല ഇടേണ്ടതാണ്. പൊങ്കാല ദിവസം ക്ഷേത്ര കോംപൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശാർക്കര ബൈപാസ് റോഡിലും കോളിച്ചിറ റോഡിലും പാർക്ക് ചെയ്യണം. വലിയകട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര മഞ്ചാടിമൂട് ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം.
ചിറയിൻകീഴ് താലൂക്കാശുപത്രിയുടെയും പെരുമാതുറ എഫ്.എച്ച്.സിയുടെയും മെഡിക്കൽ ടീം ക്ഷേത്രത്തിൽ അടിയന്തര ചികിത്സ സൗകര്യം ഒരുക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും ഫയർഫോഴ്സിന്റെയും, താലൂക്കാശുപത്രിയുടെയും ആംബുലൻസ് സൗകര്യം ലഭ്യമാക്കും. ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിന് ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടു. പൊങ്കാല ദിവസം ഉച്ചക്കു ശേഷം ശുചീകരണ പ്രവർത്തനം നടത്തും. റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.